തളിപ്പറമ്പ്: മെഡിക്കൽ വിദ്യാർത്ഥികളുടെ ഹോസ്റ്റലിന് മുന്നിൽ ഉടുമുണ്ട് പൊക്കി അശ്ലീല പ്രദർശനം പതിവാക്കിയ വിരുതൻ അറസ്റ്റിൽ. തളിപ്പറമ്പ് ചിറവക്ക് സ്വദേശിയായ പി.എം. സുനിലി (47)നെയാണ് പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസമാണ് മെഡിക്കൽ കോളേജിന്റെ വനിതാ ഹോസ്റ്റലിന് സമീപത്ത് വച്ച് വിദ്യാർത്ഥികൾക്ക് നേരെ ഇയാൾ തുടർച്ചയായി നഗ്നതാ പ്രദർശനം നടത്തിയത്.
ഹോസ്റ്റലിന് മുന്നിലെ കുറ്റിക്കാട്ടിൽ പല തവണയായി സംഭവം നടന്നതോടെ കോളേജ് അധികൃതർ പൊ ലീസിൽ പരാതി നൽകുകയായിരുന്നു. വിദ്യാർത്ഥികൾ എടുത്ത ഫോട്ടോയും വീഡിയോയും പൊലീസിന് കൈമാറി. രാജരാജേശ്വര ക്ഷേത്രപരിസരത്തെ സ്ഥിരം ശല്യക്കാരനായ സുനിലിനെ കുറച്ചു നാളുകൾക്ക് മുമ്പ് പയ്യന്നൂരിലെ ഒരു വിവാഹ വീട്ടിൽ ഒളിഞ്ഞുനോക്കിയതിനും പിടികൂടിയിരുന്നു. മാനസിക വൈകല്യമുള്ളയാളാണെന്ന് കരുതി നേരത്തെ പൊലീസ് അന്വേഷണം കാര്യക്ഷമമാക്കിയിരുന്നില്ല. ഇൻസ്‌പെക്ടർ കെ.വി. ബാബുവിന്റെ നിർദ്ദേശ പ്രകാരം പുതുതായി ചുമതലയേറ്റ വനിതാ എസ്.ഐ രൂപ മധുസൂദനന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് സുനിൽ കുടുങ്ങിയത്. പയ്യന്നൂർ ഡിവൈ.എസ്.പി സ്‌ക്വാഡ് അംഗം എ.ജി. അബ്ദുൾ റൗഫും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.