കാഞ്ഞങ്ങാട്: അജാനൂർ മത്സ്യബന്ധന തുറമുഖ സൈറ്റ് നേരിൽ കാണാൻ ഫിഷറീസ് മന്ത്രി സജി ചെറിയാൻ ഇന്നെത്തും. രണ്ടു ദശാബ്ദദം പഴക്കമുള്ള നിർദ്ദിഷ്ട പദ്ധതി ഇപ്പോഴും കടലാസിൽ മാത്രമാണ്. പദ്ധതിയുടെ ഗവേഷണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചതായും പദ്ധതിയുടെ സാങ്കേതിക പഠന റിപ്പോർട്ട് പൂനെ ആസ്ഥാനമായ സി.ഡബ്‌ള്യു.പി.ആർ.എസിൽ നിന്ന് ലഭിക്കുകയും ചെയ്തിട്ടുണ്ടെന്ന് മന്ത്രി സജി ചെറിയാൻ ഇ ചന്ദ്രശേഖരൻ എം.എൽ.എയെ അറിയിച്ചിട്ടുണ്ട്. പഠന റിപ്പോർട്ട് പ്രവർത്തനങ്ങൾക്കായി 53 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് ലഭ്യമായത്. ചിത്താരിപ്പുഴയുടെ ഗതി മാറ്റം മൂലമുള്ള അഴിമുഖത്തെ പ്രശ്നം റിപ്പോർട്ടിൽ തടസ്സമായി പറയുന്നു.

അഴിമുഖത്തിന്റെ ഗതിമാറ്റം സംബന്ധിച്ച പ്രശ്നത്തിന് പരിഹാരം കാണത്തക്കവിധത്തിൽ വേണം മത്സ്യ ബന്ധന തുറമുഖത്തിന്റെ രൂപകല്പന നടത്തേണ്ടതെന്ന് 2017 നവംബർ 22 ന് റവന്യൂ മന്ത്രിയായിരുന്ന ഇ ചന്ദ്രശേഖരന്റെ ചേമ്പറിൽ ചേർന്ന യോഗത്തിൽ തീരുമാനമെടുക്കുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിൽ തുറമുഖം നിർമ്മിക്കുമ്പോൾ ഇക്കാര്യം കണക്കിലെടുത്ത് അഴിമുഖത്ത് ആവശ്യമായ അനുബന്ധ പ്രവൃത്തികൾ കൂടി ഉൾപ്പെടുത്തി വേണം റിപ്പോർട്ട് സമർപ്പിക്കേണ്ടതെന്ന് സ്ഥാപനത്തോട് ആവശ്യപ്പെട്ടിരുന്നു.

അന്തിമ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് പരിസ്ഥിതി ആഘാത പഠന റിപ്പോർട്ടും മലിനീകരണ നിയന്ത്രണ ബോർഡ് അനുമതിയും ലഭിച്ച ശേഷം വിശദമായ പദ്ധതി രൂപരേഖ തയ്യാറാക്കി മത്സ്യബന്ധന തുറമുഖം സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.