ചെറുവത്തൂർ: പിലിക്കോട് മടിവയലിലെ പത്താനത്ത് കുഞ്ഞമ്പു കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്ത പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി. ചന്തേര സി.ഐ പി. നാരായണന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇന്നലെ രാവിലെ ഒൻപതരയോടെ പ്രതികളുമായി കൃത്യം നടന്ന മടിവയലിലെ വിട്ടിലെത്തിയത്. കുഞ്ഞമ്പുവിനെ കൊലപ്പെടുത്താനുള്ള കാരണവും കൊലപ്പെടുത്തിയ രീതിയും ഭാര്യ ജാനകിയടക്കം മൂവരും പൊലീസിനോട് വിവരിച്ചു. പ്രതി രാജേഷാണ് കഴുത്തു പിടിച്ച് ഞെരിച്ചതെന്നും, അനങ്ങാതിരിക്കാൻ അനിൽ കുഞ്ഞമ്പുവിന്റെ രണ്ടു കാലും ബലമായി പിടിച്ചമർത്തിയെന്നും, ഒച്ച വെക്കാൻ ശ്രമിച്ചപ്പോൾ ഭാര്യ ജാനകി വായ പൊത്തിപ്പിടിച്ചുവെന്നും പ്രതികൾ പറഞ്ഞു.
രാജേഷ് ഇടയ്ക്ക് കുഞ്ഞമ്പുവിനെ മർദ്ദിച്ചുവെന്നും ഈ സമയം കൈയിൽ ധരിച്ചിരുന്ന സ്റ്റീൽ വള കൊണ്ടാണ് കുഞ്ഞമ്പുവിന്റെ നെറ്റിയിലടക്കം പരിക്കു പറ്റാൻ കാരണമെന്നും പ്രതികൾ സമ്മതിച്ചു. കൃത്യം നടന്ന സമയത്ത് ജാനകി ധരിച്ചിരുന്ന മാക്സിയടക്കം വസ്ത്രങ്ങളും രാജേഷ് ഊരിയെറിഞ്ഞ വളയടക്കമുള്ളവയും കൊല നടന്ന വീട്ടിൽ നിന്നും കണ്ടെടുത്തു. മറ്റു രണ്ടു പ്രതികളുടെ വീടുകളിലും പൊലീസ് തെളിവെടുപ്പു നടത്തി. ഇവർ ഉപയോഗിച്ചിരുന്ന വാഹനമടക്കം കസ്റ്റഡിയിലെടുത്തു. സംഭവത്തോടനുബന്ധിച്ച് രാജു എന്ന വ്യക്തിയേയും പൊലീസ് ചോദ്യം ചെയ്തിരുന്നുവെങ്കിലും വിട്ടയച്ചു. കണ്ണങ്കൈ പത്താനത്ത് തറവാട് ദേവസ്ഥാനത്തെ അന്തിത്തിരിയനാണ് കൊല്ലപ്പെട്ട കുഞ്ഞമ്പു.
ഒന്നര മാസത്തോളമായി തളർവാതം പിടിപെട്ട് തളർന്ന് കിടപ്പിലാണ്. അതിനിടയിൽ കൊവിഡും പിടിപെട്ടു. അനങ്ങാൻ കഴിയാതെ കിടന്നിരുന്ന കുഞ്ഞമ്പു നിരന്തരം വഴക്കു പറയുമായിരുന്നുവെന്നും, അസഭ്യം സഹിക്കാൻ കഴിയാതെ ആയതോടെയാണ് കൊല ചെയ്യാൻ തീരുമാനിച്ചതെന്നും പ്രതികൾ സമ്മതിച്ചു. കുഞ്ഞമ്പുവിന്റെ മകൻ പ്രജീഷ് ഭാര്യ വീട്ടിലും, മകൾ പ്രജിത ഭർത്താവുമൊന്നിച്ച് മറ്റൊരു വാടക വീട്ടിലുമാണ് താമസം. ജാനകിയും കുഞ്ഞമ്പുവും മാത്രമാണ് മിടവയലിലെ വീട്ടിൽ താമസം. ബുധനാഴ്ച രാത്രിയാണ് കൊല നടത്തിയത്. സ്വാഭാവിക മരണമായി മൃതശരീരം ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതോടെയാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. മൃതശരീരത്തിൽ കഴുത്തിൽ കാണപ്പെട്ട പാടുകൾ ശ്രദ്ധിച്ച ഡോക്ടർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്നാണ് മണിക്കൂറുകൾക്കകം പൊലീസിന്റെ കണ്ടെത്തലും പ്രതികളെ പിടികൂടുകയും ചെയ്തത്. വിശദമായ തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കിയ മൂന്നു പ്രതികളെയും റിമാൻഡ് ചെയ്തു. ഡിവൈ.എസ്.പി ഡോ: വി. ബാലകൃഷ്ണന്റെ നേതൃത്യത്തിൽ സി.ഐ പി. നാരായണനാണ് അന്വേഷണ ചുമതല.