പയ്യന്നൂർ: കെ.എസ്.ആർ.ടി.സി. പയ്യന്നൂർ ഡിപ്പോവിലെ കേടായ ഹൈഡ്രോളിക് ലിഫ്റ്റ് നന്നാക്കാൻ സ്വകാര്യ കമ്പനികൾ അഞ്ച് ലക്ഷം രൂപ ചാർജ് ആവശ്യപ്പെട്ടിടത്ത് പയ്യന്നൂർ കോറോം ശ്രീ നാരായണ ഗുരു കോളേജ് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയിലെ വിദ്യാർത്ഥികൾക്ക് വേണ്ടിവന്നത് 75,000 രൂപ മാത്രം. സാമ്പത്തികബാദ്ധ്യതയിൽ നട്ടംതിരിയുന്ന കോർപറേഷന് കുട്ടികളുടെ മനസറിഞ്ഞുള്ള സഹായം വൻ ആശ്വാസവുമായി.
അടിഭാഗം അറ്റകുറ്റപ്പണികൾക്കായി ബസ് ഉയർത്തി നിർത്തുന്നതിനാണ് ഹൈഡ്രോളിക് ലിഫ്റ്റ് ഉപയോഗിക്കുന്നത്. ലിഫ്റ്റ് പ്രവർത്തനരഹിതമായതിനാൽ ജീവനക്കാർ ബസിന് അടിവശത്ത് കിടന്ന് ക്ളേശിച്ചാണ് ജോലികൾ ചെയ്തിരുന്നത്. ബസ് ഉയർത്തി നിർത്തുമ്പോൾ തനിയെ താഴ്ന്നുപോകുന്നതായിരുന്നു ലിഫ്റ്റിനുണ്ടായിരുന്ന തകരാർ. ഇത് പരിഹരിക്കുവാനായി വൻകിട പല സ്വകാര്യ കമ്പനികളെയും അധികൃതർ സമീപിച്ചിരുന്നു. ഭാരിച്ച തുക നൽകാനുള്ള സൗകര്യമില്ലാത്തതിനാൽ റിപ്പയറിംഗ് നീണ്ടുപോകുകയായിരുന്നു. ഇതറിഞ്ഞാണ് കോറോം ശ്രീ നാരായണ ഗുരു എൻജിനീയറിംഗ് കോളേജ് മെക്കാനിക്കൽ വിഭാഗം വിദ്യാർത്ഥികൾ ദൗത്യം ഏറ്റെടുത്തത്.
രണ്ട് പോസ്റ്റുകളുടെ പിൻവശത്തെ സിലിണ്ടറിൽ തുരുമ്പെടുത്ത് ഓയിൽ ലീക്ക് ചെയ്യുന്നത് കാരണം പ്രഷർ നിലനിർത്താൻ സാധിക്കാത്തതിനാലാണ് ലിഫ്റ്റ് താഴുന്നതെന്ന് വിദ്യാർത്ഥികൾ കണ്ടെത്തി. ഏറെ പണിപ്പെട്ട് പൊക്കിയെടുത്ത് അടിയിൽ തുരുമ്പിച്ച ഭാഗത്തെല്ലാം ഷീറ്റുകൾ വെൽഡ് ചെയ്ത് പിടിപ്പിച്ച് കോൺക്രീറ്റ് കവചം തീർത്ത് ഉറപ്പിച്ചതോടെ ലിഫ്റ്റ് പ്രവർത്തനക്ഷമമായി. ഉപയോഗശൂന്യമായ വാൾവിന് പകരം പുതിയത് സ്ഥാപിച്ച് ഓയിൽ നിറക്കുകയും ചെയ്തു. ഈ വാൾവിന് മാത്രം ഏകദേശം 20,000 രൂപ വില വരും. ഓയിൽ നിറക്കുന്നതിനും കോൺക്രീറ്റിനും മറ്റുമാണ് ബാക്കി തുക ചെലവുവന്നത്. പ്രൊജക്ടിന്റെ ഭാഗമായി ദിവസത്തിൽ ഒരു മണിക്കൂർ വീതമെടുത്ത് നാല് മാസമെടുത്താണ് വിദ്യാർത്ഥികൾ ജോലി പൂർത്തിയാക്കിയത്.
മെക്കാനിക്കൽ വിഭാഗം വിദ്യാർത്ഥികളായ അർജുൻ രവീന്ദ്രൻ, എം. അഭിജിത്ത്, പി.കെ. മാനസ്, ദീപ്ത് പുരുഷോത്തമൻ എന്നിവരാണ് അവസാന വർഷ പ്രൊജക്ടിന്റെ ഭാഗമായി ലിഫ്റ്റ് റിപ്പയർ ജോലി നിർവ്വഹിച്ചത്. പ്രൊജക്ട് ഗൈഡ് അസി. പ്രൊഫ. ഇ. ചന്ദ്രജിത്ത്, കെ.എസ്.ആർ.ടി.സി. പയ്യന്നൂർ ഡിപ്പോ അസി. എൻജിനീയർ സന്തോഷ് ഐത്തല എന്നിവർ വിദ്യാർത്ഥികൾക്ക് വേണ്ട മാർഗ നിർദ്ദേശങ്ങളും ചാർജ്മാൻ കെ. സുധാകരൻ, മെക്കാനിക്ക് എം.വി. ബാബു എന്നിവർ സാങ്കേതിക സഹായങ്ങളും നൽകി. പ്രവർത്തനക്ഷമമായ ലിഫ്റ്റിന്റെ ഉദ്ഘാടനം ഇന്നു രാവിലെ 9 ന് ടി.ഐ. മധുസൂദനൻ എം.എൽ.എ. നിർവ്വഹിക്കും.
പൊതുമേഖലാ സ്ഥാപനങ്ങളിലെ ഇത്തരം പ്രവൃത്തികൾ പ്രൊജക്ടിന്റെ ഭാഗമായി വിദ്യാർത്ഥികൾ ഏറ്റെടുത്ത് ചെയ്യുകയാണെങ്കിൽ സർക്കാറിന് ഏറെ ധനലാഭവും വിദ്യാർത്ഥികൾക്ക് ആർജ്ജിച്ച കഴിവുകൾ ഫലപ്രദമായി വിനിയോഗിക്കുവാനുള്ള അവസരവും ലഭിക്കും. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് സാങ്കേതിക പ്രശ്ന പരിഹാരങ്ങൾക്ക് എൻജിനീയറിംഗ് കോളേജുകളുമായി യോജിച്ച് പ്രവർത്തിക്കാം എന്ന നൂതന ആശയത്തിലേക്കാണ് ഇത്തരം പ്രവർത്തികൾ വിരൽ ചൂണ്ടുന്നത് -
കോളേജ് വൈസ് പ്രിൻസിപ്പാൾ പ്രൊഫ. കെ. രവീന്ദ്രൻ, അസി. പ്രൊഫ. ഇ. ചന്ദ്രജിത്ത്