തൊഴിലിടങ്ങളിലും കടകളിലും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കും
കണ്ണൂർ: ജില്ലയിൽ വാണിജ്യ മേഖലകളും വിവിധ തൊഴിൽ രംഗങ്ങളും കൊവിഡ് വിമുക്ത സുരക്ഷിത മേഖലയാക്കുന്നതിനായി നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നു. കൊവിഡിനൊപ്പം സാധാരണ ജനജീവിതവും സാമ്പത്തിക പ്രക്രിയയും പൂർവ്വസ്ഥിതിയിലേക്ക് തിരിച്ചുകൊണ്ടുവരികയെന്ന ഉദ്ദേശ്യത്താടെയാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ പദ്ധതി.
കൊവിഡിനൊപ്പം തന്നെ സമൂഹത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾ എങ്ങനെ സാധാരണ രീതിയിൽ സാധ്യമാക്കുന്നതിന്റെ ഭാഗമായാണ് രണ്ട് ഡോസ് വാക്സിനോ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ വിവിധ മേഖലകളിൽ നിർബന്ധമാക്കുന്നതെന്നും കലക്ടർ അറിയിച്ചു.
കൊവിഡ് വാക്സിൻ എടുക്കാനും 72 മണിക്കൂറിനുള്ളിലുള്ള ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കും. ജൂലായ് 28 മുതൽ ഈ നിബന്ധന പ്രാബല്യത്തിൽ വരും. തദ്ദേശ സ്ഥാപനങ്ങൾ തയ്യാറാക്കുന്ന പട്ടികയിൽ ഉൾപ്പെട്ടവർക്കാണ് വാക്സിൻ നൽകുക. ഇവർ ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുകയും വേണം.
ഇതിനനുസരിച്ച് വാക്സിൻ വിതരണ സംവിധാനം പുനഃക്രമീകരിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. പൊതു ഗതാഗത മേഖലയായ ബസ്, ഓട്ടോ, ടാക്സി എന്നിവയിലെ തൊഴിലാളികൾ, കടകൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാർ എന്നിവർക്കും രണ്ട് ഡോസ് വാക്സിനോ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ നിർബന്ധമാക്കും. രണ്ട് ഡോസ് വാക്സിൻ എടുക്കാത്തവർക്ക് 15 ദിവസത്തിലൊരിക്കൽ ആർ.ടി.പി.സി.ആർ ടെസ്റ്റിലെ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടാകണം.