ksrtc

കെ. എസ്. ആർ.ടി.സിക്ക് പുതിയ മന്ത്രിയെയും പരിവാരങ്ങളെയും കിട്ടിയപ്പോൾ എന്തെങ്കിലും പരിഷ്കാരം നടത്താൻ പഠിച്ച പണി പതിനെട്ടും നോക്കാനാണ് രാവും പകലുമില്ലാതെ ഉദ്യോഗസ്ഥർ കിണഞ്ഞു ശ്രമിച്ചു കൊണ്ടിരിക്കുന്നത്. മന്ത്രിയുടെയും മറ്റു ഏമാന്മാരുടെയും പ്രശംസയ്ക്ക് പാത്രീഭൂതനാകുക എന്നത് ചില്ലറ കാര്യമല്ല. വിരമിക്കും മുമ്പ് തിരിച്ചു വാങ്ങാത്ത ഒരു ഗുഡ് സർവീസ് എൻ്ട്രിയെങ്കിലും സ്വന്തമായി തരപ്പെടുത്തിയില്ലെങ്കിൽ പിന്നെന്ത് സർക്കാർ സർവീസ്.

നഷ്ടത്തിൽ നിന്നു നഷ്ടത്തിന്റെ കട്ടപ്പുറത്തേക്ക് കയറിക്കൊണ്ടിരിക്കുന്ന കെ. എസ്. ആർ.ടി.സിയെ ഒറ്റ രാത്രി കൊണ്ട് അങ്ങ് ലാഭത്തിലെത്തിക്കാനുള്ള സൂത്ര വിദ്യയിൽ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവർ ചെയ്യുന്നതിനെ ചിലർ തുഗ്ളക് പരിഷ്കാരമെന്നൊക്കെ വിശേഷിപ്പിച്ചേക്കാം.

പഴകിയ ആനവണ്ടികൾ ചായക്കടയും ഫുഡ് ട്രക്കും മറ്റുമൊക്കെയായി രൂപാന്തരം സംഭവിക്കുന്നതും ഇക്കാലത്താണ്. അഞ്ഞൂറിലധികം പഴഞ്ചൻ ബസുകളാണ് കെ.എസ്.ആർ.ടി.സിക്കുള്ളത്. പഴകിയ ഇരുമ്പിന്റെ വിലയ്ക്ക് ഇവ പൊളിച്ചുവിൽക്കാറാണ് പതിവ്. ഒരു ബസിന് ശരാശരി 75,000 രൂപയിൽ കൂടുതൽ കിട്ടില്ല. 15ൽ താഴെ വർഷം മാത്രമാണ് കെ.എസ്.ആർ.ടി.സി ബസിന്റെ റോഡിലുള്ള ആയുസ്. പത്തുവർഷത്തിലധികം പഴക്കമുള്ള ബസുകൾ പിന്നീട് ഓർഡിനറി സർവീസിന് ഉപയോഗിക്കാറാണ് പതിവ്. ഫുഡ് ട്രക്ക് സംവിധാനം ദീർഘദൂരബസ് യാത്രികർക്കും പൊതുജനങ്ങൾക്കും വലിയ തോതിൽ ഉപകാരപ്പെടുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ജീവനക്കാരുടെ ശമ്പളവും പെൻഷനും കോടികളുടെ ബാദ്ധ്യത വരുന്നിടത്ത് എങ്ങനെയെങ്കിലും സ്ഥാപനത്തെ പച്ചപിടിപ്പിക്കണമെന്ന ഒറ്റ ചിന്തയിൽ കഴിയുകയാണ് ഏമാന്മാർ. വരവും ചെലവും കൂട്ടിമുട്ടിക്കാൻ നന്നെ ബുദ്ധിമുട്ടേണ്ടി വരുന്നു.

ഇതുപോലെ സ്ഥാപനത്തെ നന്നാക്കാൻ വേണ്ടി കഠിനവത്രമെടുത്ത ഉദ്യോഗസ്ഥന്റെ തിട്ടൂരത്തെ തുടർന്ന് കെ. എസ്. ആർ.ടി.സിക്ക് ചരിത്രത്തിൽ ആദ്യമായി തിരിഞ്ഞോടേണ്ടി വന്നതും മറ്റൊരു ചരിത്രം.

കാളപെറ്റെന്നു കേട്ടപ്പോൾ കയറെടുത്ത കെ. എസ്. ആർ.ടി.സി അധികൃതരുടെ നടപടിയിൽ ജില്ലയിൽ ജീവനക്കാർക്കിടയിൽ പ്രതിഷേധം ശക്തമാണ്. ഒരു യാത്രക്കാരനു വേണ്ടി ഏഴ് കിലോമീറ്റർ തിരിച്ചോടിയ സംഭവം കെ. എസ്. ആർ.ടി.സിയുടെ ചരിത്രത്തിൽ ഒരു പക്ഷെ ആദ്യത്തേതായിരിക്കും. എന്നാൽ എന്തിന് വേണ്ടിയാണ് ഓടിയതെന്ന് ഉത്തരവിട്ട ഉദ്യോഗസ്ഥനും കേട്ട കണ്ടക്ടർക്കും അറിയില്ല.
ബംഗളൂരുവില്‍ നിന്നും മൈസൂരു,വീരാജ്‌പേട്ട, ഇരിട്ടി, കൂത്തുപറമ്പ് വഴി കണ്ണൂരിലേക്ക് പോകുന്ന സൂപ്പര്‍ എക്‌സ്പ്രസ് ബസ് ഇരിട്ടിയില്‍ എത്തിയപ്പോള്‍ ഏച്ചൂര്‍ വഴി പോകുമോ എന്ന് ഒരു യാത്രക്കാരൻ ചോദിച്ചു. ഏച്ചൂർ വഴിയല്ലെന്നും തലശേരി വഴി കണ്ണൂരിലേക്ക് പോകുന്ന ബസാണെന്നും കണ്ടക്ടർ പറഞ്ഞു, ബസ് വിട്ടുപോവുകയും ചെയ്‌തു. യാത്രക്കാരൻ നേരെ പരാതി തിരുവനന്തപുരത്ത് അധികൃതരെ ഫോണിൽ അറിയിച്ചു. കേട്ട പാതി കേൾക്കാത്ത പാതി അധികൃതർ നേരെ ബസ്സിലെ കണ്ടക്ടറെ വിളിച്ചു , ഉടൻ തിരിച്ച് ഇരിട്ടി സ്റ്റാന്റിൽ പോയി യാത്രക്കാരനെ കയറ്റണം. അപ്പോഴേക്കും ബസ്സ് ഉളിയിൽ എത്തിയിരുന്നു. ഏമാൻ പറഞ്ഞതു അക്ഷരം പ്രതി അനുസരിക്കാൻ ചുമതലപ്പെട്ട കണ്ടക്ടർ മുൻപിൻ നോക്കാതെ ഡ്രൈവറോട് പറഞ്ഞ് ബസ്സ് തിരിച്ചു വീണ്ടും ഇരിട്ടിയിലേക്ക്. യാത്രക്കാർ ബഹളം വച്ചെങ്കിലും ആർക്കും ഒന്നും മനസ്സിലായില്ല. ഇരിട്ടിയിലെത്തി അരിച്ചുപെറുക്കിയെങ്കിലും യാത്രക്കാരനെ കണ്ടെത്തെനായില്ല.
ബംഗ്ളൂർ ബസ്സ് നിർത്തിയില്ലെന്നായിരുന്നു യാത്രക്കാരന്റെ പരാതി. ഇതു കേട്ട ഇൻസ്പെക്ടർ ബംഗ്ളൂരിലേക്കുള്ള യാത്രക്കാരനെ കയറ്റാതെ ബസ് പോയെന്നായിരുന്നു കേട്ടത്. ഉന്നത അധികാരി നേരെ ഡിപ്പോയിൽ വിളിച്ച് കാര്യം അന്വേഷിക്കേണ്ടതിനു പകരം കണ്ടക്ടറ വിളിച്ച് തലതിരിഞ്ഞ നടപടിക്ക് ഉത്തരവിട്ടതിൽ വ്യാപക പ്രതിഷേധമുയരുകയാണ്.

സഹപ്രവർത്തകയുടെ അക്രമം

ഉദ്യോഗസ്ഥനും കിട്ടി എട്ടിന്റെ പണി

ഒരു യാത്രക്കാരനായി ഏഴു കിലോമീറ്റർ തിരിഞ്ഞോടിയ ചരിത്രം സൃഷ്ടിച്ചതിനു പിന്നാലെ മറ്റൊരു കൗതുകകരമായ സംഭവവുമുണ്ടായി.സഹപ്രവർത്തക മുതുകത്ത് അടിക്കാൻ ശ്രമിച്ചപ്പോൾ ഒഴിഞ്ഞുമാറിയ ട്രാഫിക് കൺട്രോൾ ഇൻസ്പെക്ടറാണ് ഇത്തവണ കെ. എസ്.ആർ.ടി.സിയുടെ 'മാതൃകാനടപടി'ക്ക് വിധേയനായത്. ഇതേ തുടർന്ന് തൃശ്ശൂർ ട്രാഫിക് കൺട്രോൾ ഇൻസ്പെക്ടറെയാണ് ഒറ്റയടിക്ക് കണ്ണൂരിലേക്ക് സ്ഥലം മാറ്റിയത്.

അവധി നൽകാത്തതിനെ ചൊല്ലിയുള്ള തർക്കമാണ് നാടുകടത്തലിൽ കലാശിച്ചത്. ഒരു പക്ഷെ അടി കൊണ്ടിരുന്നെങ്കിൽ നടപടിയുണ്ടാകില്ലെന്നാണ് സഹപ്രവർത്തകർ പറയുന്നത്. അടികൊള്ളാത്തത് വലിയ സംഭവമാക്കി ആഘോഷിക്കുകയാണ് സമൂഹമാദ്ധ്യമങ്ങളും സഹപ്രവർത്തകരും. കെ.എസ്.ആർ.ടി.സി എക്സിക്യൂട്ടീവ് ഡയറക്ടർ (അഡ്മിനി സ്ട്രേഷൻ) ഇറക്കിയ ഉത്തരവ് ഇങ്ങനെ: ഇൻസ്പെക്ടർ നാരായണൻ സഹപ്രവർത്തകരുമായി കാന്റീനിനു സമീപം സംസാരിച്ചു കൊണ്ടു നിൽക്കെ വനിതാ ജീവനക്കാരി എത്തി ലീവിനെ കുറിച്ച് സംസാരിക്കുകയും തുടർന്ന് അടിക്കുകയും ഒഴിഞ്ഞു മാറിയതിനാൽ നിലത്ത് വീഴുകയും ചെയ്തു. സൂപ്പർവൈസറി തസ്കികയിലുള്ള ഉദ്യോഗസ്ഥൻ മറ്റു ജീവനക്കാർക്ക് മാതൃകയാകേണ്ടയാളാണ്.

എന്നാൽ വനിതാ ജീവനക്കാരിയെ പ്രകോപിപ്പിച്ച് പൊതുജനമദ്ധ്യത്തിൽ കൈയേറ്റം ചെയ്യുന്ന തരത്തിൽ എത്തിക്കുകയും കോർപ്പറേഷന്റെ സൽപ്പേരിന് കളങ്കം വരുത്തുകയും ചെയ്തതിനാൽ കണ്ണൂർ യൂണിറ്റിലേക്ക് സ്ഥലം മാറ്റി ഉത്തരവാകുന്നു. തല്ല് കൊണ്ടിരുന്നെങ്കിൽ സ്ഥലം മാറ്റം ഒഴിവാകുമായിരുന്നോ എന്നാണ് ജീവനക്കാരിൽ പലരും ഇതിനോടു പ്രതികരിച്ചത്. ലീവ് അനുവദിക്കുന്നതിൽ നീതികേടുണ്ടെങ്കിൽ അന്വേഷിക്കണമെന്നും ഒരു വിഭാഗം ജീവനക്കാർ പറയുന്നു.