ad

കണ്ണൂർ: കൊമ്മേരി ആടുവളർത്തു കേന്ദ്രത്തിലെ ജോണീസ് ഡിസീസ് ബാധിച്ച ആടുകളുടെ സംരക്ഷണം ഏറ്റെടുക്കാൻ തയ്യാറാണെന്നും രോഗം ചികിത്സിച്ച് ഭേദമാക്കാനാകുമെന്നും അതിനാൽ ആടുകളെ വിട്ടു തരണമെന്നും ആവശ്വപ്പെട്ട് എം. വി .ആർ സ്നേയ്ക്ക് പാർക്ക് ആന്റ് സൂ ഡയറക്ടർ പ്രെഫ. ഇ. കുഞ്ഞിരാമൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

കൊമ്മേരി ആടുവളർത്തു കേന്ദ്രത്തിലെ 35 ആടുകൾക്ക് ബാക്ടീരിയ പടർത്തുന്ന ജോണിസ് രോഗ ബാധയെ തുടർന്ന് കൊന്നുകളയാൻ മൃഗസംരക്ഷണ വകുപ്പ് നിർദ്ദേശം നൽകിയിരുന്നു
എന്നാൽ ഇവയെ സംരക്ഷിക്കാൻ നടപടിയെടുക്കണമെന്ന് ജില്ലാപഞ്ചായത്ത് യോഗം മൃഗസംരക്ഷണ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് രോഗം ബാധിച്ച ആടുകളെ കൊന്നുകളയാനുള്ള തീരുമാനം തൽക്കാലം മരവിപ്പിക്കുകയായിരുന്നു . എന്നാൽ ആടുകളെ കൊല്ലുകയാണ് ഏക വഴിയെന്നാണ് വെറ്ററിനറി സർവ്വകലാശാല വി.സി. സർക്കാരിന് നൽകിയ റിപ്പോർട്ട് .
ആടുകളെ കൊല്ലരുതെന്നും, രോഗം ചികിത്സിച്ചു ഭേദമാക്കാമെന്നും രോഗബാധയ്‌ക്കെതിരെ വാക്സിൻ വികസിപ്പിക്കുന്നതിന് നേതൃത്വം നൽകിയ കേന്ദ്ര സർക്കാരിന് കീഴിലുള്ള സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസേർച്ച് ഓൺ ഗോട്സിലെ ശാസ്ത്രജ്ഞൻ ഡോ.ഷുർ വീർ സിങ് കേരള ഗവർണർക്കും കേരള മുഖ്യമന്ത്രിക്കും കത്തയച്ചിരുന്നു. കൊന്നു കളയുന്നതു കൊണ്ട് രോഗ നിയന്ത്രണം അസാദ്ധ്യമാണെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു.ആടുകളിലെ രോഗം മാറ്റുവാനായി പ്രശസ്ത ശാസ്ത്രജ്ഞൻ ഡോ.ഷുർ വീർ സിംഗ്, റിട്ടയേർഡ് അസിസ്റ്റന്റ് ഡയറക്ടർ ഡോ.പി വി മോഹനൻ, ഡോ.വിമൽ രാജ് എന്നിവരടങ്ങിയ ടെക്നിക്കൽ ടീമിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഡേ: ഷൂർ വിർ സിംഗ് അടുത്തയാഴ്ച വാക്സിനുമായി കണ്ണൂരിലെത്തും.

എസ്.പി.സി.എ ഹരജി നാളെ പരിഗണിക്കും

അതേ സമയം ജോണീസ് രോഗബാധിതരായ ആടുകളെ കൊല്ലരുതെന്ന് ആവശ്യപ്പെട്ട് എസ്.പി. സി. എ നൽകിയ ഹർജി നാളെ കോടതി പരിഗണിക്കും.ഹരജി. മൃഗസംരക്ഷണ വിദഗ്ധരായ ശാസ്ത്രജ്ഞന്മാരും ഹരജിയിൽ കക്ഷിയാണ്. സർക്കാരിന്റെയും മൃഗസംരക്ഷണവകുപ്പിന്റെയും ക്രൂര നടപടി ഉടൻ നിർത്തിവയ്‌ക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി. ഹരജിക്കാർക്കുവേണ്ടി അഭിഭാഷകരായ കെ. ബാബു, പ്രതാപൻ നമ്പ്യാർ, എം.ആർ. ഹരീഷ് ഇവർ ഹാജരായി.

ജോണീസ് ഡിസീസ്

ബാക്ടീരിയ പരത്തുന്ന രോഗമാണ് ജോണീസ് ഡിസീസ്. പ്രത്യക്ഷത്തിൽ ലക്ഷണങ്ങളില്ല. രോഗം കലശലായാൽ വയറിളക്കം കൂടി ആരോഗ്യം ശോഷിക്കും. മറ്റുള്ളവയിലേക്ക് പകരുമെന്നതിനാലാണ് കൊന്നുകളയാൻ നിർദേശിക്കുന്നത്‌

രോഗം ബാധിച്ച ആടുകളെ കൊല്ലുന്നതിനോട് യോജിപ്പില്ല. അവയെ സംരക്ഷിക്കാനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും. ഇതു സംബന്ധിച്ച് ബന്ധപ്പെട്ടവർക്ക് നിവേദനം നൽകിയിട്ടുണ്ട്.

പ്രൊഫ. ഇ. കുഞ്ഞിരാമൻ,ഡയറക്ടർ, പറശ്ശിനിക്കടവ് സ്നേക്ക് പാർക്ക്