kula

കാസർകോട്: കേരളത്തിൽ കാഴ്ചക്കുലകളായി അറിയപ്പെടുന്ന നേന്ത്രക്കുലകളിൽ പ്രധാനയിനമായ 'ചെങ്ങാലിക്കോടൻ' കാസർകോടിന് അനുയോജമാണെന്ന് കാർഷിക ശാസ്ത്രജ്ഞർ. ഗുരുവായൂർ അമ്പലത്തിൽ കാഴ്ചക്കുലകളായി ഉപയോഗിക്കുന്ന ഈ 'സുന്ദരൻ' വാഴക്കുലകളുടെ ഉത്പാദനം കാസർകോട്ടെ കൃഷിയിടങ്ങളിൽ പരീക്ഷിക്കാമെന്നാണ് കർഷകർക്കുള്ള ശാസ്ത്രജ്ഞരുടെ ഉപദേശം.

വടക്കൻ ജില്ലകളിൽ തലശേരി നേന്ത്രനാണ് കൃഷി ചെയ്യുന്നത്. ഒരു വിഭാഗം കർഷകരിൽ ചിലർ തമിഴ്‌നാട്ടിൽ നിന്ന് കന്ന് കൊണ്ടുവന്നും നേന്ത്രവാഴ കൃഷി ചെയ്യുന്നുണ്ട്. 'ചെങ്ങാലിക്കോടൻ' വാഴയുടെ തൈ തൃശൂരിൽ നിന്ന് കൊണ്ടുവന്ന് ടിഷ്യുകൾച്ചർ രീതിയിൽ ഉണ്ടാക്കി വടക്കൻ ജില്ലകളിൽ പ്രചരിപ്പിക്കാൻ കഴിയുമെന്നാണ് കാർഷിക രംഗത്തെ വിദഗ്ദ്ധർ പറയുന്നത്. വടക്കൻ ജില്ലകളിലെ മണ്ണിലും ഈ വാഴക്കൃഷി നന്നായി വിളയുമെന്നാണ് കരുതുന്നത്. ചെങ്ങാലിക്കോടൻ കൃഷി സവിശേഷമായ ചില പരിചരണമുറകൾ ചെയ്താണ് കാഴ്ചക്കുലയാക്കുന്നത്. സാധാരണ വാഴക്കൃഷിയിൽനിന്നും വ്യത്യസ്തമായി ചെങ്ങാലിക്കോടന്റെ കൃഷിയിൽ ചില പരമ്പരാഗത രീതികളുണ്ട്.

സ്വർണവർണം,​കാഴ്ചയിൽ സുന്ദരം

ഉരുണ്ടതും ഏണുകൾ ഇല്ലാത്തതുമായ കായകളും സ്വർണനിറമുള്ള ഒരിനം വാഴയിനമാണ് ചങ്ങാലിക്കോടൻ. . ഒരു കുലയിൽ ഏഴ് പടലകൾ വരെയുണ്ടാകും. ഒരു കായ തന്നെ 400-500 ഗ്രാം ഉണ്ടായിരിക്കും. കുല നന്നായി പഴുത്തതിനുശേഷം തലകീഴായിപ്പിടിച്ചാൽ കായകൾ എല്ലാം അടർന്നു താഴെയെത്തും.
തൃശ്ശൂർ ജില്ലയിലെ ചെങ്ങഴിനാട്, ചൂണ്ടൽ, പുത്തൂർ, പേരാമംഗലം, വേലൂർ, എരുമപ്പെട്ടി, പഴുന്നാന എന്നിവിടങ്ങളിലാണ് പ്രധാനമായും ചെങ്ങാലിക്കോടൻ കൃഷിയുള്ളത്. ഓണത്തിനുള്ള കാഴ്ചക്കുലയ്ക്ക് വേണ്ടിയാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്‌.കേരളത്തിലാദ്യമായി ഭൗമസൂചികാ പദവി ലഭിച്ച വാഴയിനമാണിത്.



നടീൽ,​പരിപാലനം
വാഴക്കുലകൾ ഉത്പാദിപ്പിച്ച വാഴയുടെ സൂചിക്കന്നുകളാണ് തിരഞ്ഞെടുക്കേണ്ടത്. ഓണം വരുന്നതിന്റെ സമയവും കൂടി ഇതുമായി ബന്ധപ്പെട്ടിരിക്കും ഓണം വൈകിയാണെങ്കിൽ ചെറിയ കന്നുകളും ഓണം നേരത്തെയാണെങ്കിൽ ഇടത്തരം വലുപ്പമുള്ള കന്നുകളും ഉപയോഗിക്കണം. വാഴവെക്കാൻ താമസം നേരിട്ടാൽ നനയ്ക്കൽ നേരത്തേ തുടങ്ങണം. ശരിയായ നനയാണ് വാഴയെ യഥാസമയം കുലയ്ക്കാൻ പര്യാപ്തമാക്കുന്നത്.
കായകൾക്ക് ഒരു പോറലുമില്ലാത്ത കാഴ്ചക്കുലകൾക്കാണ് വിപണിയിൽ നല്ല വിലകിട്ടുക. കുല വന്ന് 25 ദിവസമാകുമ്പോൾ വാഴയിലകൾ തന്നെ ഉപയോഗിച്ച് കുല പൊതിഞ്ഞ് കെട്ടണം. ചില കർഷകൾ 30 ദിവസം കഴിഞ്ഞാൽ പൊതിഅഴിച്ച് മാറ്റി പ്പൊതിയും. ഇപ്പോൾ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് പൊതിയുന്ന രീതിയുമുണ്ട്. കുലച്ച് 100-110 ദിവസങ്ങൾക്കകം കുല വെട്ടാം.

നിലവിൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ 'ചെങ്ങാലിക്കോടൻ' കൃഷി ചെയ്യുന്നില്ല. തൃശൂരിൽ നിന്ന് കന്ന് കൊണ്ടുവന്ന് കൃഷി ഇവിടെയും ചെയ്യുന്നതിന് നോക്കാം. ഇവിടത്തെ മണ്ണും ഈ വാഴകൃഷിക്കും ചേർന്നതാണ്.

കെ വി അജിത് കുമാർ

( പിലിക്കോട് പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം )