കാസർകോട്: ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ സന്ദർശനം നടത്തിയതോടെ കാസർകോട് ജില്ലയിലെ തീരദേശ മേഖലയിൽ വസിക്കുന്ന മത്സ്യത്തൊഴിലാളികൾ അടക്കമുള്ള മുഴുവൻ ജനങ്ങൾക്കും പ്രതീക്ഷയേറി.
നിർമ്മാണ പ്രവർത്തികൾ നടന്നുവരുന്ന മഞ്ചേശ്വരം തുറമുഖം, കടൽക്ഷോഭത്തിൽ വീടുകൾ തകർന്ന മുസോഡി കടപ്പുറം, കാസർകോട് നെല്ലിക്കുന്ന് കടപ്പുറം, അഴിമുഖത്തെ പുലിമുട്ട് എന്നിവ സന്ദർശിച്ച മന്ത്രി നിർമ്മാണ പുരോഗതികൾ വിലയിരുത്തുകയും പുതിയ പദ്ധതികൾ തുടങ്ങുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ കേൾക്കുകയും ചെയ്തു. മഞ്ചേശ്വരം ഹാർബർ സംബന്ധിച്ച വിഷയങ്ങൾ നാട്ടുകാരും മത്സ്യത്തൊഴിലാളികളും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
കടൽത്തീരസംരക്ഷണം ഉറപ്പുവരുത്തുമെന്ന് മന്ത്രി പറഞ്ഞു. മഞ്ചേശ്വരം ഹാർബറിൽ നടക്കുന്ന നിർമാണ പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കും. എല്ലാ വിഷയങ്ങൾക്കും പരിഹാരം ഉണ്ടാക്കാമെന്ന് ഉറപ്പും നൽകി.
നെല്ലിക്കുന്ന് കടപ്പുറത്തെ മത്സ്യബന്ധനത്തിനിടെ കടലിൽ വള്ളം തകർന്ന് മരിച്ച മത്സ്യത്തൊഴിലാളികളുടെ വീടുകളിൽ എത്തിയ മന്ത്രി അവരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ള മരിച്ച രതീഷ്, സന്ദീപ് എന്നീ തൊഴിലാളികളുടെ കുടുംബങ്ങൾക്ക് ധനസഹായത്തിന്റെ ആദ്യഗഡു മന്ത്രി കൈമാറി. രാജ് മോഹൻ ഉണ്ണിത്താൻ എം.പി, എം.എൽ.എമാരായ എ.കെ.എം അഷറഫ്, അഡ്വ. സി.എച്ച്.കുഞ്ഞമ്പു, എൻ.എ നെല്ലിക്കുന്ന്, ഹാർബർ എഞ്ചിനിയറിംഗ് വകുപ്പ് ചീഫ് എൻജിനീയർ ജോമോൻ ജോർജ്, സൂപ്രണ്ടിംഗ് എൻജിനീയർ കുഞ്ഞി മമ്മു പറവത്ത് എന്നിവരും മന്ത്രിയുടെ കൂടെ ഉണ്ടായിരുന്നു.
മഞ്ചേശ്വരം തുറമുഖത്ത് മുൻമന്ത്രി എസ്. ശർമ്മയുടെ കാലത്ത് തുടങ്ങിയ പുലിമുട്ടിന്റെ 13.5 കോടിയുടെ നിർമ്മാണം നടന്നുവരുന്നുണ്ട്. ഇതു പൂർത്തിയായാൽ മികച്ച ഹാർബർ ആയി മഞ്ചേശ്വരം മാറും. കാസർകോട് ഹാർബറിന്റെയും പുലിമുട്ടിന്റെയും നിർമ്മാണത്തിൽ ചില അശാസ്ത്രീയത ഉണ്ടെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. അത് പരിഹരിക്കാൻ പുതിയ പദ്ധതി ശുപാർശ സർക്കാർ അംഗീകരിച്ചു നൽകിയിട്ടുണ്ട്. എന്നാൽ അതുപോരെന്നും 66 കോടി രൂപ കൂടി പദ്ധതി നടത്തിപ്പിന് വേണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. ഇതിൽ സർക്കാർ അനുകൂല നിലപാട് എടുക്കുന്നതാണ്.
ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ
ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ കാസർകോട് ഹാർബർ സന്ദർശിക്കുന്നു