പയ്യന്നൂർ: ആശുപത്രികളിൽ എത്തി ആരോഗ്യ പരിശോധന നടത്തുവാൻ കഴിയാതെ ബുദ്ധിമുട്ടുന്ന കിടപ്പു രോഗികൾ,

80 വയസ്സിന് മുകളിൽ പ്രായമുള്ളവർ, ഭിന്നശേഷിക്കാർ എന്നിവർക്കായി അവരുടെ വീടുകളിൽ മെഡിക്കൽ സംഘമെത്തി ആരോഗ്യ പരിശോധനയും വാക്സിനേഷനും നൽകുന്ന പദ്ധതിക്ക് പയ്യന്നൂർ നഗരസഭയിൽ തുടക്കം കുറിച്ചു.

നഗരസഭ താലൂക്കാശുപത്രി പാലിയേറ്റീവ് സെക്കൻഡറി യൂണിറ്റിന്റെ നേതൃത്വത്തിൽ മുത്തത്തി അർബൻ പി.എച്ച്.സി, പഴയങ്ങാടി താലൂക്ക് ആശുപത്രി, പകൽ വീട് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. നഗരസഭയുടെ സഹയാത്ര പദ്ധതിയുടെ തുടർച്ചയായിട്ടാണ് രണ്ടാം ഘട്ടമായി "തുണ" പദ്ധതിയിലൂടെ ഭിന്നശേഷിക്കാർക്കും വാക്സിനേഷൻ ഒരുക്കുന്നത്. നഗരസഭയിലെ 44 വാർഡുകളിലെ 6 കേന്ദ്രങ്ങളിലായി ഡോക്ടർ, സ്റ്റാഫ് നേഴ്സ്, മറ്റ് ജീവനക്കാർ, എൻ.എസ്.എസ്, സന്നദ്ധ സേന വോളണ്ടിയർ, ആശ വർക്കർ എന്നിവരടങ്ങുന്ന ആറ് മെഡിക്കൽ ടീമുകളാണ് വാക്സിനേഷനും പരിശോധനയ്ക്കും നേതൃത്വം നൽകുന്നത്.

നഗരസഭ പരിസരത്ത് വൈസ് ചെയർമാൻ പി.വി. കുഞ്ഞപ്പന്റെ അദ്ധ്യക്ഷതയിൽ ചെയർപേഴ്സൺ കെ.വി.ലളിത ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ വി.വി. സജിത, ടി. വിശ്വനാഥൻ, വി. ബാലൻ, സി. ജയ, സെമീറ എന്നിവർ സംസാരിച്ചു. ഡോക്ടർമാരായ സുനിത മേനോൻ, അഹമ്മദ് നിസാർ, വിഷ്ണു, അക്ഷയ്, ദിൽന, ഗോകുൽ ദേവ്, ആൽഫിൻ, ഹെൽത്ത് ഇൻസ്പെക്ടർ ശശിധരൻ, എൻ.യു.എച്ച്.എം. ജില്ലാ കോർഡിനേറ്റർ അനീഷ്, പി.ആർ.ഒ. ജാക്സൺ ഏഴിമല, പാലിയേറ്റീവ് നഴ്സുമാരായ പൊന്നമ്പിളി, ശ്രീജ തുടങ്ങിയവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.