ഇരിട്ടി: കേളകം, ആറളം ഗ്രാമ പഞ്ചായത്തുകളിലെ വനഭൂമിയോടു ചേർന്നുകിടക്കുന്ന ജനവാസ കേന്ദ്രങ്ങൾ പരിസ്ഥിതലോലപ്രദേശമായി പ്രഖ്യാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും വന്യജീവികളുടെ ആക്രമണത്തിൽനിന്നും കർഷകന്റെ ജീവനും സ്വത്തിനും സുരക്ഷിതത്വം നൽകണമെന്നും ആവശ്യപ്പെട്ട് ഇരിട്ടി എസ്.എൻ.ഡി.പി. യൂണിയന്റെ ആഭിമുഖ്യത്തിൽ 30 ന് രാവിലെ 11 ന് കേളകം ടൗണിലും ആഗസ്റ്റ് 2ന് രാവിലെ 11 ന് എടൂർ ടൗണിലും ജനകീയ ഉപവാസങ്ങൾ സംഘടിപ്പിക്കും. ഉപവാസ സമരത്തെ ജനപ്രതിനിധികളും മതസാമുദായിക രാഷ്ട്രീയ സാമൂഹ്യ നേതാക്കന്മാരും അഭിവാദ്യം ചെയ്യും.

സമരത്തിന്റെ രണ്ടാംഘട്ടത്തിൽ യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിനും മലയാളികളായ കേന്ദ്രമന്ത്രിമാരായ വി. മുരളീധരനും രാജീവ് ചന്ദ്രശേഖരനും നിവേദനം സമർപ്പിക്കാനും എസ്.എൻ.ഡി.പി ശാഖ സെക്രട്ടറിമാരുടെ യോഗത്തിൽ തീരുമാനിച്ചു. യൂണിയൻ പ്രസിഡന്റ് കെ.വി. അജി അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി പി.എൻ ബാബു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കെ.കെ സോമൻ, കെ.എം രാജൻ, എ.എൻ കൃഷ്ണൻകുട്ടി എന്നിവരും വിവിധ ശാഖാ സെക്രട്ടറിമാരും ചർച്ചയിൽ പങ്കെടുത്തു. സമരപരിപാടികൾ വിജയിപ്പിക്കാനും തീരുമാനിച്ചു.