കണ്ണൂർ: കേരളത്തിന്റെ പൊതുജനാരോഗ്യ രംഗം ലോകമെങ്ങുമുള്ള മലയാളികൾക്കഭിമാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പള്ളിക്കുന്നിൽ ജില്ലാ ടിബി ആൻഡ് എയ്ഡ്സ് കൺട്രോൾ സെന്ററിന്റെ നവീകരിച്ച കെട്ടിടം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സെൻട്രൽ ടി.ബി ഡിവിഷൻ നൽകിയ ഡിജിറ്റൽ എക്‌സ്രേ മെഷീനിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. നവീകരിച്ച ടി ബി ആന്റ് എയ്ഡ്സ് കൺട്രോൾ സെന്റർ കെട്ടിടത്തിന്റെ ശിലാഫലകം കെ.വി. സുമേഷ് എം.എൽ.എ അനാച്ഛാദനം ചെയ്തു.
പരിമിതമായ സൗകര്യങ്ങളോടെ ജില്ലാ ആശുപത്രിയിൽ പ്രവർത്തിച്ചിരുന്ന ടിബി സെന്റർ പള്ളിക്കുന്നിലെ ജെ.പി.എച്ച്.എൻ ട്രെയിനിംഗ് 'സെന്റർ കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ 2018-19 വർഷത്തെ ആർ.ഒ.പിയിൽ ഉൾപ്പെടുത്തിയാണ് 75 ലക്ഷം രൂപ ചെലവിൽ ടിബി സെന്റർ കെട്ടിടം നവീകരിച്ചത്.
ഓൺലൈനായി നടന്ന ചടങ്ങിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് അധ്യക്ഷയായി. പള്ളിക്കുന്നിൽ നടന്ന പരിപാടിയിൽ മേയർ അഡ്വ. ടി.ഒ മോഹനൻ, കോർപറേഷൻ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. പി. ഇന്ദിര, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ വികെ സരേഷ് ബാബു, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി.കെ അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു
സൗകര്യങ്ങൾ ഇങ്ങനെ
ക്ഷയരോഗ നെഞ്ച് രോഗ പരിശോധന ഒ പി വിഭാഗം, എക്സ്‌റേ, ലബോറട്ടറി, ഇ.സി.ജി സൗകര്യങ്ങൾ, സൗജന്യ ടി.ബി മോളിക്യുലാർ പരിശോധന, എൻ.ടി.ഇ.പി, എയ്ഡ്സ് കൺട്രോൾ സൊസൈറ്റി സേവനങ്ങൾ, പരിശീലനങ്ങൾ എന്നിവയ്ക്കുള്ള സൗകര്യങ്ങൾ ഇവിടെയുണ്ട്. കൂടാതെ ജില്ലയിലെ 16 സ്വകാര്യ ആശുപത്രികളുമായി ചേർന്ന് സ്റ്റെപ് സെന്ററുകളും പ്രവർത്തിക്കുന്നുണ്ട്.