തലശേരി :എരഞ്ഞോളി അഡാക് ഫിഷ് ഫാമിൽ ഫാം ടൂറിസം നടപ്പിലാക്കുമെന്ന് ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. എരഞ്ഞോളി അഡാക് ഫിഷ് ഫാം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഫാമിൽ സീ ഫുഡ് റെസ്റ്റോറന്റ് ആരംഭിക്കാൻ കോസ്റ്റൽ ഏരിയ ഡെവലപ്പ്‌മെന്റ് കോർപറേഷനെ ചുമതലപ്പെടുത്തിയാതായും മന്ത്രി പറഞ്ഞു.
ഫാം കേന്ദ്രീകരിച്ച് ലൈവ് ഫിഷ് സ്റ്റാൾ തുടങ്ങാനും മന്ത്രി നിർദേശം നൽകി. ഫാമിൽ ഇരിപ്പിടം, വാട്ടർ ഫൗണ്ടൻ, ലൈറ്റിംഗ്, ചുറ്റുമതിൽ അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കും. കുളങ്ങൾ പ്രയോജനപ്പെടുത്തിയുള്ള മത്സ്യം വളർത്തൽ പ്രോൽസാഹിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. തലായി ഹാർബർ സന്ദർശിച്ച മന്ത്രി, തുറമുഖത്തിന്റെയും മത്സ്യ തീറ്റ കേന്ദ്രത്തിന്റെയും ശേഷിക്കുന്ന പ്രവൃത്തികൾ എത്രയും പെട്ടെന്ന് പൂർത്തീകരിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി.
എ.എൻ. ഷംസീർ എം.എൽ.എ, എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റ് എം.പി ശ്രീഷ, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ സി.പി കുഞ്ഞിരാമൻ, ഹാർബർ എൻജിനീയറിംഗ് വിഭാഗം ചീഫ് എൻജിനീയർ ജോമോൻ കെ. ജോർജ്, സൂപ്രണ്ടിംഗ് എൻജിനീയർ കുഞ്ഞിമമ്മു പറവത്ത്, എക്സിക്യൂട്ടീവ് എൻജിനീയർ ടി.വി ബാലകൃഷ്ണൻ, അഡാക് എക്സിക്യൂട്ടീവ് ഡയരക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, വാർഡ് കൗൺസിലർ എൻ. അജേഷ് തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.