നീലേശ്വരം: രാജാ റോഡ് വികസനവുമായി ബന്ധപ്പെട്ട് നഷ്ടപ്പെടുന്ന കെട്ടിടങ്ങളുടെ വില കണക്കാക്കാൻ അധികൃതർ ചൊവ്വാഴ്ച എത്തും. മാർക്കറ്റ് റോഡ് മുതൽ പോസ്റ്റ് ഓഫീസ് വരെയുള്ള രാജാ റോഡാണ് 14 മീറ്റർ വീതിയിൽ വികസിപ്പിക്കുന്നത്. 16 കോടി 72 ലക്ഷം രൂപ റോഡിനും വിട്ടുകൊടുക്കുന്ന സ്ഥലത്തിനുമായി സാമ്പത്തികാനുമതി ലഭിച്ചിരുന്നു. റവന്യു വകുപ്പാണ് സ്ഥലം ഏറ്റെടുത്ത് പൊതുമരാമത്ത് അധികൃതർക്ക് കൈമാറേണ്ടത്.

ഇതിന്റെ പ്രാരംഭ ചെലവിലേക്ക് 50 ലക്ഷം രൂപ റവന്യൂ അധികൃതർക്ക് കൈമാറിയിട്ടുണ്ട്. 1.300 കിലോമീറ്റർ ദൂരം വരുന്ന രാജാ റോഡ് വികസനത്തിന് 8 കോടി 15 ലക്ഷം രൂപ വിട്ടു കൊടുക്കുന്ന സ്ഥലത്തിന് മാത്രമായി നീക്കിവെച്ചിരുന്നു. ഒരു വർഷം മുമ്പ് തന്നെ രാജാ റോഡ് വികസനവുമായി ബന്ധപ്പെട്ട് സ്ഥലം അളന്ന് തിട്ടപ്പെടുത്തിയിരുന്നു. കൊവിഡ് രോഗവുമായി ബന്ധപ്പെട്ട് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാലാണ് രാജാ റോഡ് വികസനം നീണ്ടുപോയത്. റോഡ് വികസനത്തിന് മുന്നോടിയായി ഇനി സാമൂഹികാഘാത പഠനവും നടത്തേണ്ടതുണ്ട്. ഇതിന് ജില്ലാ കളക്ടറുടെ അനുമതി വാങ്ങേണ്ടതുണ്ട്. രാജാ റോഡ് വികസനത്തിന് വേണ്ടി വിട്ടു കൊടുക്കുന്ന കെട്ടിടങ്ങളുടെ വില കണക്കാക്കുന്നതോടെ റോഡിന്റെ മറ്റു പ്രവർത്തനങ്ങൾ ആരംഭിക്കും.

നഷ്ടപരിഹാരത്തിന് നീക്കിവച്ചത്

8.15 കോടി

കച്ചേരിക്കടവ് പാലം

എസ്റ്റിമേറ്റ് ഉടൻ

രാജാ റോഡ് വികസനവുമായി ബന്ധപ്പെട്ട് കച്ചേരി കടവ് പാലവും യാഥാർത്ഥ്യമാകേണ്ടതുണ്ട്. പാലത്തിനും റോഡിനുമായി ആദ്യം 40 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. ഉൾനാടൻ ജലഗതാ വകുപ്പിന്റെ ബോട്ടുകൾക്ക് പോകാൻ തരത്തിലാണ് പാലം പണിയുന്നത്. ഇതാനായുള്ള എസ്റ്റിമേറ്റ് അന്തിമഘട്ടത്തിലാണ്. ആഗസ്റ്റ് മാസത്തോടെ പാലത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.