തളിപ്പറമ്പ്: ഒന്നര കിലോമീറ്റർ നടപ്പാതയോരത്തുള്ള വാഴകൾ വെട്ടി നശിപ്പിച്ചു. കോൾമൊട്ട കണിച്ചേരി പുഴയോരത്ത് ആണ് സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്. പൊയ്യക്കൽ പാലം മുതൽ ഒന്നര കിലോമീറ്റർ നടപ്പാതയുടെ വഴി നീളം ഉള്ള ഇരുന്നൂറോളം വാഴകളാണ് വെട്ടിനശിപ്പിച്ചത്. നിരവധി തെങ്ങുകളിലും കവുങ്ങുകളിലും കത്തിയുപയോഗിച്ച് പോറലുകൾ ഉണ്ടാക്കുകയും ചെയ്തു.
പി.പി മുഹമ്മദ്, മോഹനൻ, പി.കെ മമ്മു തുടങ്ങിയ നിരവധിയാളുകളുടെ കൃഷി ആണ് നശിപ്പിച്ചത്. കള്ള് ചെത്ത് തൊഴിലാളി രാജീവന്റെ ഷെഡിന്റെ പായകളും കീറിക്കളഞ്ഞു. തെങ്ങുകളിൽ കയറി കള്ള് കുടിക്കുകയും ചെയ്തു. ഈ ഭാഗത്തെ മറ്റു ഷെഡ്ഡുകളിലും കയറി സംഘം കള്ളിനായി തെരച്ചിൽ നടത്തിയിരുന്നു. ഒരു ഷെഡിൽ നിന്ന് ലഭിച്ച മൂർച്ചയേറിയ കത്തിയുപയോഗിച്ചാണ് കൃഷി നശിപ്പിച്ചത്. കൗൺസിലർ പി.കെ മുഹമ്മദ് കുഞ്ഞി, സി.പി.എം പ്രാദേശിക പ്രവർത്തകരും കർഷക സംഘം നേതാക്കളുമായ എം. പ്രദീപൻ, കെ. പുഷ്പജൻ, കെ.വി പ്രമേൻ, കെ.പി സുഭാഷ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. തളിപ്പറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു.