കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സംഘടനാ സംവിധാനത്തിന്റെ പ്രവർത്തനം അവലോകനം ചെയ്യുന്നതിന് രൂപീകരിച്ച കെ.പി.സി.സി സമിതി ജില്ലയിലെ കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിജയ സാദ്ധ്യതയുള്ള മണ്ഡലങ്ങളിൽ പോലും ഉണ്ടായിട്ടുള്ള വീഴ്ചകളും സംഘടനാ ദൗർഭല്യങ്ങളും പ്രചാരണ രംഗത്ത് വന്ന മറ്റ് പോരായ്മകളും പരിശോധിക്കുകയും ഓരോ നിയോജകമണ്ഡലത്തിലെയും നേതാക്കളുടെ അഭിപ്രായങ്ങൾ കേൾക്കുകയും സംഘടനാ തലത്തിൽ ഉണ്ടായ വീഴ്ചകൾ എന്നിവയെക്കുറിച്ചെല്ലാം അവലോകനം നടത്തി പോരായ്മകൾ കണ്ടെത്തുക എന്നതാണ് കെ.പി.സി.സി സമിതിയുടെ ലക്ഷ്യം.

കോട്ടയം ഡി.സി.സി മുൻ പ്രസിഡന്റ് കുര്യൻ ജോയ്, മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി അജയ് തറയിൽ, ഗാന്ധിദർശൻ വേദി സംസ്ഥാന പ്രസിഡന്റ് ഡോ. എം.സി. ദിലീപ് തുടങ്ങിയവരാണ് ജില്ലയിൽ തിരഞ്ഞെടുപ്പ് അവലോകനത്തിനായി എത്തിച്ചേർന്നത്.
ഇന്നലെ ഇരിക്കൂർ, പേരാവൂർ, കണ്ണൂർ, അഴീക്കോട് എന്നീ നിയോജകമണ്ഡലത്തിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് ബാക്കിയുള്ള ഏഴ് നിയോജക മണ്ഡലങ്ങളിലെ കോൺഗ്രസ് ഭാരവാഹികളുമായി സമിതി അംഗങ്ങൾ കൂടിക്കാഴ്ച നടത്തും. ഒറ്റക്കൊറ്റക്കാണ് കൂടിക്കാഴ്ച നടത്തിയിട്ടുള്ളത്. ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി, അഡ്വ. സണ്ണി ജോസഫ് എം.എൽ.എ. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ മാർട്ടിൻ ജോർജ്ജ്, അഡ്വ. സോണി സെബാസ്റ്റ്യൻ, കെ.പി.സി.സി നിർവ്വാഹക സമിതി അംഗങ്ങളായ കെ. പ്രമോദ്, തോമസ് വെക്കത്താനം തുടങ്ങിയവരും ഡി.സി.സി ഭാരവാഹികളും ബ്ലോക്ക് , മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.