കണ്ണൂർ/കാസർകോട്: സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ ബസ് ഓപ്പറേറ്റേർസ് അസോസിയേഷൻ നാളെ രാവിലെ 11 ന് ഉപവാസ സമരം നടത്താൻ തീരുമാനിച്ചതായി ജനറൽ സെക്രട്ടറി രാജ് കുമാർ കരുവാരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. സമരം മേയർ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്യും.
തകർച്ചയുടെ വക്കിലെത്തി നിൽക്കുന്ന ബസ്സ് വ്യവസായം സംരക്ഷിക്കാൻ ചിലവിന് ആനുപാതികമായി ചാർജ് വർദ്ധിപ്പിക്കുക, പൊതുഗതാഗതം സംരക്ഷിക്കാനാവശ്യമായ നയം പ്രഖ്യാപിക്കുക, പലിശരഹിത വായ്പ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ചാർജ്ജ് വർദ്ധനവ് അനുവദിക്കണമെന്ന് സർക്കാറിനോട് ആവശ്യപ്പെടുകയും അത് അംഗീകരിക്കുമെന്ന് പ്രതീക്ഷിച്ച് നിൽക്കുമ്പോഴുമാണ് അപ്രതീക്ഷിതമായി കൊവിഡ് ഉണ്ടായത്. പിന്നീട് അവസ്ഥ ഇടിവെട്ടിയവനെ പാമ്പ് കടിച്ച അവസ്ഥ പോലെയായി. കേന്ദ്രസംസ്ഥാന സർക്കാറുകളുടെ ഭാഗത്ത് നിന്നും ഈ വ്യവസായം സംരക്ഷിക്കാനാവശ്യമായ നടപടികൾ ഉണ്ടാവാത്ത സാഹചര്യത്തിലാണ് ഉപവാസ സമരത്തിന് നിർബ്ബന്ധിതരായതെന്ന് രാജ് കുമാർ വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് പി.പി. മോഹനൻ, പി. രജീന്ദ്രൻ, കെ.പി. മുരളീധരൻ എന്നിവരും സംബന്ധിച്ചു.
കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലും വിവിധ കേന്ദ്രങ്ങളിൽ ഉപവാസ സമരം നടത്തും. കാസർകോട് ബസ് സ്റ്റാൻഡിൽ നടക്കുന്ന ധർണ വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് കെ.എ അഹമ്മദ് ശരീഫ് ഉദ്ഘാടനം ചെയ്യും. താലൂക്ക് പ്രസിഡന്റ് എം.എ അബ്ദുല്ല അധ്യക്ഷത വഹിക്കും. ജില്ലാ പ്രസിഡന്റ് കെ. ഗിരീഷ് മുഖ്യപ്രഭാഷണം നടത്തും. സമാപന സമ്മേളനം ജില്ലാ ജനറൽ സെക്രട്ടറി സത്യൻ പൂച്ചക്കാട് ഉദ്ഘാടനം ചെയ്യും.
വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് കെ.ഗിരീഷ്, ജനറൽ സെക്രട്ടറി സത്യൻ പൂച്ചക്കാട്, ട്രഷറർ പി.എ. മുഹമ്മദ് കുഞ്ഞി, ശങ്കർ നായക്, ടി. ലക്ഷ്മണൻ, സി.എ. മുഹമ്മദ് കുഞ്ഞി എന്നിവർ പങ്കെടുത്തു.