തളിപ്പറമ്പ്: റോഡരികിൽ ആളുകൾ കുഴിയിൽ വീഴാതിരിക്കാൻ കമ്പുകൾ കുത്തിവച്ച് മുന്നറിയിപ്പ് നൽകേണ്ട അവസ്ഥ തളിപ്പറമ്പ് - ഇരിട്ടി സംസ്ഥാനപാതയിൽ കപ്പാലം മുതൽ കരിമ്പം പാലം വരെയുള്ള റോഡരികിലാണ് നിരവധി വാരിക്കുഴികൾ രൂപം കൊണ്ടിട്ടുള്ളത്.

റോഡ് വികസനത്തിന്റെ ഭാഗമായിട്ടാണ് ഈ ഭാഗത്ത് അൻപതോളം വൻമരങ്ങൾ മുറിച്ചത്. രണ്ടു മാസം മുമ്പായി മുറിച്ച മരങ്ങളിൽ വലിയൊരു ഭാഗം ലേലമെടുത്തവർ കൊണ്ടുപോയെങ്കിലും വലിയ മരങ്ങൾ ഇപ്പോഴും റോഡരികിൽ ഉപേക്ഷിച്ച നിലയിലാണ്. മരങ്ങൾ അടിഭാഗത്തുനിന്ന് മണ്ണ് നീക്കി മുറിച്ചതിനാൽ ഏതാണ്ട് ഇരുപതോളം വലിയ കുഴികളാണ് റോഡിരികിൽ രൂപംകൊണ്ടിരിക്കുന്നത്.

മിക്ക കുഴികളും റോഡിനോട് ചേർന്നായതിനാൽ ഇരുചക്രവാഹനങ്ങളും കാൽനടക്കാരും കുഴികളിൽ വീണ് അപകടം സംഭവിക്കുന്നത് പതിവായിരിക്കയാണ്. അപകടങ്ങളുടെ എണ്ണം കൂടിയതോടെയാണഅ മുന്നറിയിപ്പ് നൽകാൻ നാട്ടുകാർ കുഴികളിൽ ചുള്ളിക്കമ്പുകളും മറ്റുമിട്ട് അപകട സൂചന നൽകിയിരിക്കുന്നത്. മഴക്കാലത്ത് വെള്ളം നിറഞ്ഞുനിൽക്കുന്ന ഈ കുഴികൾ വലിയ അപകടങ്ങളാണ് സൃഷ്ടിക്കുന്നതെങ്കിലും പൊതുമരാമത്ത് വകുപ്പ് തിരിഞ്ഞുനോക്കാൻ പോലും തയ്യാറായിട്ടില്ല.