തലശേരി: ശക്തമായ കടൽക്ഷോഭത്തിൽ ഗോപാലപ്പേട്ട തീരത്തോട് ചേർന്ന് ഫൈബർ തോണി പൂർണ്ണമായി തകർന്നു. തോണിയിലുണ്ടായിരുന്ന മൂന്ന് തൊഴിലാളികളെയും തീരദേശ പൊലീസും, മത്സ്യതൊഴിലാളികളും ചേർന്ന് രക്ഷപ്പെടുത്തി. പെട്ടിപ്പാലം കോളനിയിലെ ഷംസുദ്ദീൻ (31), കൊല്ലം സ്വദേശികളായ പ്രഭാകരൻ (58), കുഞ്ഞാലി (57) എന്നിവരാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. എൻജിനും തോണിയും വലയും നശിച്ചു. പത്ത് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായി.

ഗോപാലപ്പേട്ട തിരുവാണിക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്ത് ഞായറാഴ്ച പകൽ ഒരുമണിയോടെയാണ് തോണി അപകടത്തിൽപ്പെട്ടത്. വടകര ചോമ്പാൽ ഹാർബറിൽ നിന്ന് പമ്മൂസ് തോണിയിൽ ശനിയാഴ്ച പകൽ 2.30ന് മീൻപിടിക്കാൻ പോയവരാണിവർ. മടങ്ങിവരുമ്പോൾഎൻജിൻ തകരാറിലായി ആഴക്കടലിൽ കുടുങ്ങുകയായിരുന്നു. ഗോപാലപ്പേട്ടയിലെ പ്രജിത്തിന്റെ ഉടമസ്ഥതയിലുള്ള 'ലക്ഷ്മി' തോണിയിൽ കെട്ടിവലിച്ച് തീരത്തടിപ്പിച്ചെങ്കിലും കൂറ്റൻ തിരമാലയിൽ തോണി തകർന്നു.
തീരദേശ പൊലീസ് എത്തുമ്പോഴേക്കും, കടൽകോളിൽപെട്ട് മരണമുഖത്തായിരുന്നു തൊഴിലാളികൾ. ഗോപാലപ്പേട്ടയിലെ പതിനഞ്ചോളം തൊഴിലാളികളും രക്ഷാദൗത്യത്തിൽ പങ്കെടുത്തു. കൂറ്റൻ കമ്പക്കയർ ഉപയോഗിച്ചാണ് തോണിയിൽ നിന്ന് തൊഴിലാളികളെ കരയ്ക്കെത്തിച്ചത്. ഇവർക്ക് തലശേരി ജനറൽ ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകി. ന്യൂമാഹി കല്ലായി അങ്ങാടിയിലെ ഹനീഫയുടെ ഉടമസ്ഥതയിലുള്ള തോണിയാണ് അപകടത്തിൽപ്പെട്ടത്.