പഴയങ്ങാടി(കണ്ണൂർ): സ്‌പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ) ബാധിച്ച മാട്ടൂലിലെ മുഹമ്മദിന്റെ ചികിത്സയ്ക്കായി ലഭിച്ച 46.78 കോടിയിൽനിന്ന് കുട്ടിയുടെയും സഹോദരി അഫ്രയുടെയും ചികിത്സാ ചെലവ് കഴിഞ്ഞ് ബാക്കി വരുന്നത് സമാനരോഗികൾക്ക് നൽകുമെന്ന ചികിത്സ കമ്മിറ്റിയുടെ പ്രഖ്യാപനത്തിന് പിന്നാലെ സഹായം തേടി ഇതേരോഗം ബാധിച്ച കുട്ടികളുടെ രക്ഷിതാക്കളുടെ അപേക്ഷകളെത്തി.
അഞ്ച് അപേക്ഷകളാണ് വന്നത്. ലക്ഷദ്വീപിലെ കടമത്ത്, കണ്ണൂരിലെ ചപ്പാരപടവ്, മഞ്ചേശ്വരം, ബംഗളൂരു, മംഗലാപുരം എന്നിവിടങ്ങളിൽ നിന്നാണ് അപേക്ഷകൾ. എല്ലാം രണ്ടുവയസിന് താഴെയുള്ള കുട്ടികൾക്ക് വേണ്ടിയുള്ളത്. ഫോൺ വിളികളും വരുന്നുണ്ട്. മുഖ്യമന്ത്രി, ആരോഗ്യമന്ത്രി എന്നിവരുമായി അടുത്ത ദിവസം ചർച്ച നടത്തിയശേഷം നിയമ വിദഗ്ദ്ധരുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.