കണ്ണൂർ: സംസ്ഥാന സർക്കാർ നികുതി കുറയ്ക്കാതെ ദ്രോഹിക്കുമ്പോൾ ഡീസലിന് വില വർധിപ്പിച്ച് കേന്ദ്ര സർക്കാർ മറ്റൊരു തരത്തിൽ ദ്രോഹിക്കുകയാണെന്ന് മേയർ ടി.ഒ. മോഹനൻ പറഞ്ഞു. പൊതു ഗതാഗത മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ കളക്ടറേറ്റിനു മുന്നിൽ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കടകെണിയിലാണ് ഇന്ന് ബസ് വ്യവസായം. പണ്ട് സമൂഹത്തിൽ ബസുടമകൾക്കൊരു സ്ഥാനം ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ബസുടമകളെ കാണുമ്പോൾ കടം ചോദിക്കുമോയെന്ന് പേടിച്ചിട്ട് ആളുകൾ തിരിഞ്ഞുനടക്കുകയാണ്. ബസ് തൊഴിലാളികൾ ഉന്നയിക്കുന്നു കാര്യങ്ങൾ സർക്കാർ പരിഗണിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പൊതുഗതാഗതം സംരക്ഷിക്കുക, കോവിഡ് കാലത്തെ റോഡ് ടാക്‌സ് ഒഴിവാക്കുക, പൊതു ഗതാഗതത്തിനു ആവശ്യമായ ഡീസൽ സബ്‌സിഡി നൽകുക, ചെലവിന് ആനുപാതികമായി വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബസ്സുടമകൾ ഉപവാസ സമരം നടത്തിയത്. പ്രസിഡന്റ് പി.പി. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ഹനീഷ് കെ.വാണിയങ്കണ്ടി, കെ. ജയരാജൻ, വി.വി. ശശീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

തലശ്ശേരി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച സമരം നഗരസഭാ വൈസ് ചെയർമാൻ വാഴയിൽ ശശി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് കെ.വേലായുധൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. സി.ടി.സജിത്ത്, സി.പി.ഷൈജൻ, കെ.ലിജേഷ്, പി.ജനാർദ്ദനൻ, ജ്യോതിർ മനോജ്, മുകുന്ദൻ, ജവാദ് അഹമ്മദ്, ടി.എം.സുധാകരൻ, കൊട്ടിയോടി വിശ്വനാഥൻ, കെ.ഗംഗാധരൻ എന്നിവർ സംസാരിച്ചു.