തളിപ്പറമ്പ് :സ്പൈനൽ മസ്കുലാർ അട്രോഫി എന്ന അപൂർവ്വ രോഗം ബാധിച്ച ചപ്പാരപ്പടവിലെ ഒന്നരവയസുകാരൻ മുഹമ്മദ് ഖാസിമിന് ജീവിതത്തിലേക്ക് തിരിച്ചുവരണമെങ്കിൽ 18 കോടി വില വരുന്ന സോൾജൻസ്മ വേണം. ഇതെ രോഗം ബാധിച്ച മാടായിയിലെ റഫീഖിന്റെയും മറിയത്തിന്റെയും മകൻ മുഹമ്മദിനെ സഹായിക്കാൻ മനസുകാണിച്ച ഹൃദയാലുക്കളെ പ്രതീക്ഷയോടെ നോക്കുകയാണ് ഖാസിമിന്റെ മാതാവ് ഫാത്തിമത്ത് ഷാക്കിറ.
ചപ്പാരപ്പടവ് എം.എ.എച്ച് ആശുപത്രിയ്ക്ക് സമീപത്താണ് മുഹമ്മദ് ഖാസിമിന്റെ വീട്.ഷാക്കിറയുടെ ഏകമകനാണ് ഈ കുട്ടി. മംഗളൂരുവിലെ ഫസ്റ്റ് ന്യൂറോ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ഖാസിമിന് എസ്.എം.എ ടൈപ്പ് 2 ബാധിച്ചതായി കണ്ടെത്തിയത്. ഇപ്പോൾ ബാംഗ്ലൂരിലെ ബാപ്റ്റിസ്റ്റ് ആസ്പത്രിയിൽ ചികിത്സയിലാണ് ഈ കുട്ടി. സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തണമെങ്കിൽ കുഞ്ഞിന് രണ്ടുവയസിനകം ജീൻ തൊറാപ്പി നടത്തണം.
കുട്ടിയുടെ ചികിത്സയ്ക്കായി പണം സ്വരൂപിക്കാനുള്ള തയ്യാറെടുപ്പിലാണ് കുടുംബം.മന്ത്രി എം.വി.ഗോവിന്ദൻ, കെ.സുധാകരൻ എം പി എന്നിവർ മുഖ്യരക്ഷാധികാരികളും ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ ചെയർപേഴ്സണും വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ പെരുവണ ജനറൽ കൺവീനറുമായി സർവ്വകക്ഷി ചികിത്സാ സഹായ കമ്മിറ്റിയും ഇതിനകം രൂപീകരിച്ചിട്ടുണ്ട്. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം കൃഷണൻ, ജില്ല പഞ്ചായത്ത് മെമ്പർ തോമസ് വക്കത്താനം എന്നിവർ രക്ഷാധികാരികളാണ്. ജില്ലാ പഞ്ചായത്ത് മെമ്പർ തോമസ് വക്കത്താനം, ചപ്പാരപ്പടവ് പി.എച്ച്.സിയിലെ മെഡിക്കൽ ഓഫീസർ അരുൺശങ്കർ എന്നിവർ ചികിത്സാ സഹായ കമ്മറ്റിയിലേക്ക് ആദ്യ സംഭാവന കൈമാറി. വൈസ് പ്രസിഡന്റ് ഉൾപ്പടെയുള്ള മിക്ക മെമ്പർമാരും ഹോണറേറിയം വാഗ്ദാനം ചെയ്തിട്ടുണ്ട്. വാർത്താ സമ്മേളനത്തിൽ ചികിത്സാ സഹായ കമ്മിറ്റി ചെയർപേഴ്സൺ സുനി ബാലകൃഷ്ണൻ, ജനറൽ കൺവീനർ അബ്ദുറഹ്മാൻ പെരുവണ, കൺവീനർമാരായ എം.എം. അജ്മൽ, എം, മൈമൂനത്ത് എന്നിവർ പങ്കെടുത്തു. ഫോൺ: 9496049045, 8281010741
സഹായധനം സ്വരൂപിക്കാനായി ഫെഡറൽ ബാങ്ക് ഏര്യം ശാഖയിൽ ജോയിന്റ് അക്കൗണ്ട് തുറന്നു. . A/C No: 13280200001942. IFSC: FDRL0001328,