നീലേശ്വരം: കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ ഇറിഗേഷൻ വകുപ്പിന്റെ ഏറ്റവും വലിയ പദ്ധതിയായ പാലായി റഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ വമ്പൻ അനുബന്ധ പദ്ധതികളുമായി കേരള വാട്ടർ അതോറിറ്റി രംഗത്ത്. സമീപ പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ളവിതരണമാണ് ഇതിൽ പ്രധാനം. ഇതിനായി സർവേ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.
ജലജീവൻ മിഷനുമായി ബന്ധപ്പെട്ട് കിനാനൂർ-കരിന്തളം പഞ്ചായത്തിൽ കുടിവെള്ളമെത്തിക്കാനും കിണർ കുഴിക്കാനും വാട്ടർ ടാങ്ക് നിർമ്മിക്കാനുമുള്ള സർവ്വെ നടപടികളാണ് പുരോഗമിക്കുന്നത്. പാലക്കാട് ആസ്ഥാനമായ സ്വകാര്യ കമ്പനിയാണ് സർവ്വെയുടെ ടെൻഡർ എടുത്തിട്ടുള്ളത്. മഴ കുറയുന്നതോടെ സർവ്വെ ആരംഭിക്കും. സർവ്വെ പൂർത്തിയായി ജില്ലാതല കുടിവെള്ളമിഷന്റെ അംഗീകാരം കൂടി ലഭിക്കുന്നതോടെ വിതരണത്തിനായി തുടർപ്രവർത്തനം ആരംഭിക്കും. കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിലേക്കുള്ള കുടിവെള്ളവിതരണ പദ്ധതി പൂർത്തിയാക്കിയാൽ സമീപപഞ്ചായത്തുകൾക്ക് പദ്ധതി പ്രയോജനപ്പെടുത്താനുള്ള പദ്ധതികളിലേക്കും കടക്കുമെന്നാണ് വാട്ടർ അതോറിറ്റി അധികൃതർ അറിയിക്കുന്നത്.
സമീപറോഡും പൂർത്തിയായി
62 കോടി രൂപ ചിലവിൽ നബാർഡിന്റെ സഹായത്തോടെ പണിത റഗുലേറ്റർ കം ബ്രിഡ്ജിന്റെ ഇരുകരകളിലുമുള്ള സമീപ റോഡിന്റെ പണിയും ഇതിനകം പൂർത്തിയായി. പാലത്തിന്റെ മുകളിലും സമീപറോഡിലുമുള്ള തെരുവു വിളക്കിന്റെ നിർമ്മാണം നടന്നു വരുന്നു. ലോക്ക് ഡൗൺ ഇളവുകൾ പൂർണമാകുന്ന മുറയ്ക്ക് റഗുലേറ്റർ കം ബ്രിഡ്ജ് നാടിന് സമർപ്പിക്കും.
നീലേശ്വരം, കാഞ്ഞങ്ങാട് നഗരസഭകൾ, കയ്യൂർ ചീമേനി, കിനാനൂർ കരിന്തളം എന്നിവിടങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാനും കാർഷികാഭിവൃദ്ധി മെച്ചപ്പെടുത്താനുമാണ് പദ്ധതി വിഭാവനം ചെയ്തത്.