കണ്ണൂർ :കൊവിഡ് വാക്സിനേഷന് ജില്ലയിൽ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയുള്ള ഉത്തരവ് ജില്ലാ കളക്ടർ പിൻവലിച്ചു . പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് തീരുമാനം. പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ സംസ്ഥാന ആരോഗ്യവകുപ്പ് ഇടപെട്ടതാണ് ഉത്തരവ് പിൻവലിച്ചതിന് പിന്നിൽ.
തീരുമാനത്തിനെതിരെ കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്കിലടക്കമുള്ള സമൂഹമാദ്ധ്യമങ്ങളിൽ ജനരോഷം ശക്തമായിരുന്നു.നേരത്തെ വാക്സിനെടുക്കാൻ 72 മണിക്കൂറിനുള്ളിലുള്ള ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയാണ് ഉത്തരവിറക്കിയത്. പിന്നീട് ആർ.ടി.പി.സി.ആറിന് പകരം ആന്റിജൻ ടെസ്റ്റ് മതിയെന്നാക്കി മയപ്പെടുത്തിയിരുന്നു. ടെസ്റ്റിന് അതത് വാക്സിൻ കേന്ദ്രത്തിൽ സൗകര്യം ഒരുക്കുമെന്നും ജില്ലാഭരണകൂടം വ്യക്തമാക്കിയിരുന്നു..
ഇന്ന് മുതൽ ഈ നിബന്ധന പ്രാബല്യത്തിൽ വരുമെന്നായിരുന്നു അറിയിപ്പ്. കടകൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാർക്ക് രണ്ട് ഡോസ് വാക്സിനോ നെഗറ്റീവ് സർട്ടിഫിക്കറ്റോ നിർബന്ധമാക്കിയ നടപടിക്കെതിരെ വ്യാപാരി സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.പരിശോധന വർദ്ധിപ്പിച്ച് ടെസ്റ്റ് പോസിറ്റിവിറ്രി നിരക്ക് കുറയ്ക്കാനാണ് വാക്സിനേഷന് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതെന്നാണ് വിവരം.
വാക്സിനേഷന് മുൻഗണനാപട്ടിക
കച്ചവടക്കാർ, പൊതുഗതാഗതം, തൊഴിലുറപ്പ് മേഖലയിലെ തൊഴിലാളികൾ എന്നിങ്ങനെ പൊതു സമൂഹവുമായി നേരിട്ട് ഇടപഴകുന്നവർക്ക് കൊവിഡ് വാക്സിൻ ലഭ്യമാക്കുന്നതിന് അവരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രത്യേകം മുൻഗണനാ പട്ടിക ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിൽ വാർഡ് തലത്തിൽ തയ്യാറാക്കും. ജില്ലയിലെ വാക്സിൻ വിതരണം ചിട്ടയോടെ നടപ്പാക്കുന്നതിനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി .പി ദിവ്യയുടെ നേതൃത്വത്തിൽ ചേർന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗത്തിലാണ് തീരുമാനം.
സെക്കന്റ് ഡോസ് വാക്സിൻ ലഭിക്കേണ്ടവരെയും മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തും. പിന്നാക്ക മേഖലയിലുള്ളവർക്കും കൂടുതൽ പരിഗണന നൽകണമെന്നും ഗ്രാമപഞ്ചായത്തുകളിലെ ജനസംഖ്യാ ആനുപാതികമായി വാക്സിൻ ലഭ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.ഡി കാറ്റഗറി തദ്ദേശ സ്ഥാപനങ്ങൾ പൂർണ്ണമായും അടച്ചിടാതെ കണ്ടെയ്ൻമെന്റ് സോണുകളാക്കണമെന്ന അഭിപ്രായവും യോഗത്തിൽ ഉയർന്നു.സ്‌പോട്ട് വാക്സിനേഷൻ ലഭ്യമാക്കുന്ന സന്ദർഭങ്ങളിൽ ആൾക്കൂട്ടം ഒഴിവാക്കുന്നതിനായി വാർഡ് അടിസ്ഥാനത്തിൽ സമയക്രമം നിശ്ചയിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.