innova

കാസർകോട്: ഹൊസങ്കടി രാജധാനി ജുവലറിയിലെ സെക്യൂരിറ്റി ജീവനക്കാരനെ ചാക്കിൽ കെട്ടിയിട്ട്, തലക്കടിച്ച് ബോധംകെടുത്തി 15 കിലോ വെള്ളിയാഭരണങ്ങളും നാലര ലക്ഷം രൂപയും കവർച്ച നടത്തിയ കേസിലെ ഏഴ് പ്രതികളെയും തിരിച്ചറിഞ്ഞു.

എല്ലാവരും കർണ്ണാടക സ്വദേശികൾ. സംഘത്തലവൻ സൂറത്ത്കൽ സ്വദേശിയാണ്. മഞ്ചേശ്വരം സ്വദേശികളുടെ സഹായവും കിട്ടിയതായാണ് നിഗമനം. സംഘത്തിലൊരാൾ മലയാളം പറഞ്ഞിരുന്നതായി പരിക്കേറ്റ സെക്യൂരിറ്റി അബ്ദുള്ള പൊലീസിന് മൊഴി നൽകി. കവർച്ചക്കാർ സഞ്ചരിച്ച ഇന്നോവ കാറും തൊണ്ടി മുതലിൽ ഒരു ഭാഗവും കർണ്ണാടക ഉള്ളാൾ പൊലീസ് പിടികൂടി.

അതിർത്തി കടന്ന് കർണ്ണാടകത്തിൽ പ്രവേശിച്ച ഉടനെ രണ്ടു സംഘമായി പിരിഞ്ഞ സംഘം കവർച്ച ചെയ്ത പണവും സ്വർണ്ണവും ഓഹരി വച്ചു. ഇതിൽ ഒരു സംഘം മറ്റൊരു കാറിൽ കയറി മംഗളുരു ടൗണിലേക്ക് പോകാതെ രക്ഷപ്പെട്ടു. ഹൊസങ്കടിയിൽ നിന്ന് പുറപ്പെട്ട രണ്ടാമത്തെ സംഘം ഒരു പകൽ ഒളിവിൽ കഴിഞ്ഞ ശേഷം ഇന്നോവ കാറിൽ പോകവേയാണ് പൊലീസ് പിടിച്ചെടുത്തത്. കർണ്ണാടക സൂറത്ത്കല്ലിൽ നിന്നുള്ള കവർച്ച സംഘം ഹൊസങ്കടിയിലെത്തിയ കർണ്ണാടക രജിസ്‌ട്രേഷനുള്ള ഇന്നോവ കാറും കവർച്ച ചെയ്ത വെള്ളിയാഭരണങ്ങളിൽ ഒരു ഓഹരിയും ഒന്നര ലക്ഷം രൂപയുമാണ് കിട്ടിയത്. പൊലീസ് പിന്തുടരുന്നതിനിടയിൽ മറ്റൊരു വാഹനത്തിലിടിച്ച ഇന്നോവയും കവർച്ച മുതലും ഉപേക്ഷിച്ച്

കാറിലുണ്ടായിരുന്നവർ രക്ഷപ്പെടുകയായിരുന്നു. ഇവരിൽ രണ്ടു പേരെയാണ് പൊലീസ് തിരിച്ചറിഞ്ഞത്. ഇന്നോവ കാർ സൂറത്ത്കല്ലിൽ നിന്ന് വാടകയ്ക്ക് വാങ്ങിയതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. . മുഹമ്മദ് ഗോസ് എന്നയാളാണ് കാർ വാടകയ്ക്കെടുത്തത്. ഇന്നോവ കാറിൽ ഏഴരക്കിലോ വെള്ളിയാഭരണങ്ങളും ഒന്നര ലക്ഷം രൂപയുമുണ്ടായിരുന്നു. ബാക്കിയുള്ള പണവും വെള്ളിയാഭരണങ്ങളും രണ്ടാമത്തെ സംഘത്തിന്റെ കൈയിലാണ്. കാറിലെ ജി.പി.എസ് സംവിധാനമാണ് പ്രതികളെ തിരിച്ചറിയാൻ സഹായകമായത്.

തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് ഹൊസങ്കടിയിലെ ജുവലറിയിൽ കവർച്ച നടന്നത്. സെക്യൂരിറ്റി ജീവനക്കാരൻ അബ്ദുല്ലയെ (54 ) ചാക്കിൽ കെട്ടിയിടുകയും തലക്കും മുഖത്തും അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത ശേഷമാണ് കവർച്ച നടത്തിയത്.