കാസർകോട്: ചെമ്മനാട് പഞ്ചായത്തിലെ ഒരു കേന്ദ്രത്തിൽ ആർ.ടി.പി.സി.ആർ ടെസ്റ്റിന്റെ ആധികാരികത പൊളിക്കാൻ സ്രവം എടുക്കാതെ കൊവിഡ് ടെസ്റ്റിന്റെ 'ഡെമ്മി' നടത്തി കിറ്റ് പരിശോധനയ്ക്ക് അയച്ച സംഭവത്തിൽ അന്വേഷണം നടത്തിയ കൊവിഡ് ടെസ്റ്റ് നോഡൽ ഓഫീസർ ഡോ. പ്രസാദ് കാസർകോട് ഡി.എം.ഒ ഡോ. കെ. രാജന് റിപ്പോർട്ട് കൈമാറി. ചെമ്മനാട് പഞ്ചായത്തിൽ അതീവ രഹസ്യമായി നടന്ന കൊവിഡ് ഡെമ്മി ടെസ്റ്റ് പുറത്തുകൊണ്ടുവന്ന വാർത്തയെ തുടർന്നാണ് വിശദമായ അന്വേഷണം നടത്താൻ ഡി.എം.ഒ ഉത്തരവിട്ടത്. അതുപ്രകാരം ഒരാഴ്ച നീണ്ടുനിന്ന വിശദമായ അന്വേഷണത്തിന് ഒടുവിലാണ് ഡി.എം.ഒയ്ക്ക് അന്വേഷണ റിപ്പോർട്ട് കൈമാറിയത്.
കൊവിഡ് ടെസ്റ്റ് നടത്തിയ ചെമ്മനാട് പഞ്ചായത്തിലെ ചട്ടഞ്ചാൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് കീഴിൽ നടത്തിയ മുഴുവൻ കൊവിഡ് ടെസ്റ്റുകളുടെയും ആധികാരികത ഡോ. പ്രസാദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പരിശോധിച്ചു. ഡെമ്മി ടെസ്റ്റ് നടത്തിയെന്ന് പറയുന്ന 10 പേരുടെയും വിശദാംശങ്ങളും ശേഖരിച്ചിരുന്നു. ജൂലൈ 16ന് മൂന്നു പേരും 18ന് ഏഴുപേരുമാണ് ഡെമ്മി ടെസ്റ്റ് നടത്തിയത്. 16ന് നടത്തിയ ടെസ്റ്റിന്റെ റിസൾട്ട് 18 നും 18 ന് നടത്തിയ ടെസ്റ്റിന്റെ റിസൾട്ട് 21നുമാണ് പുറത്തുവന്നത്.
ആദ്യം ഡെമ്മി ടെസ്റ്റ് നടത്തിയ മൂന്നുപേരുടെ റിസൾട്ടും പോസിറ്റീവ് ആയിരുന്നു. 18ന് നടത്തിയ ഏഴുപേരിൽ നാലു പേരുടെ റിസൾട്ട് പോസിറ്റീവും മൂന്ന് പേരുടേത് നെഗറ്റീവുമായാണ് വന്നത്. ടെസ്റ്റിന് എത്തിയ ആളിന്റെ മൂക്കിൽ നിന്നും സ്രവം എടുക്കാതെ കിറ്റിന്റെ അഗ്രം അടർത്തിമാറ്റി ഇല്ലാത്ത 'സാമ്പിൾ' സീൽ ചെയ്തു പരിശോധനക്ക് അയച്ചുവെന്നാണ് പറയുന്നത്. അതേസമയം കൊവിഡ് ടെസ്റ്റ് നടത്തുമ്പോൾ ഓരോ വ്യക്തിയുടെ പേരിലും ഐ.ഡി ഉണ്ടാക്കണം. ഈ ഐ.ഡി വ്യാജമായി ഉണ്ടാക്കിയിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്. ഡെമ്മി ടെസ്റ്റ് നടത്തിയവരിൽ പ്രമുഖരിൽ പലരും സ്വന്തം ഫോൺ നമ്പർ അല്ല നൽകിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. പോസിറ്റീവ് റിസൾട്ട് വന്നതിനെ തുടർന്ന് കൊവിഡ് കൺട്രോൾ സെല്ലിൽ നിന്ന് ഈ ഫോൺ നമ്പറിൽ വിളിച്ചപ്പോൾ എല്ലാം സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.
വ്യാപകമായി നടക്കുന്ന കൊവിഡ് ടെസ്റ്റുകളും ഫലങ്ങളും തെറ്റാണെന്ന് പ്രചരിപ്പിച്ച് സർക്കാരിനെയും ആരോഗ്യവകുപ്പിനെയും അടിക്കാൻ രാഷ്ട്രീയ ആയുധമുണ്ടാക്കാൻ നടത്തിയ ഡെമ്മി ടെസ്റ്റ് ആണ് വിവാദത്തിലായത്. രണ്ടാം തരംഗത്തിൽ കൊവിഡ് പോസിറ്റീവ് രോഗികളുടെ എണ്ണത്തിൽ സ്ഥിരമായി ഉയർന്ന നിരക്കുള്ള പഞ്ചായത്തായിരുന്നു ചെമ്മനാട്. അധികൃതർ എത്ര പരിശ്രമിച്ചിട്ടും കാറ്റഗറി താഴേക്ക് കൊണ്ടുവരാൻ സാധിച്ചിരുന്നില്ല. കൊവിഡ് ടെസ്റ്റിന്റെ അപാകതയാണ് ഇതിന് കാരണമെന്നാണ് ആക്ഷേപം ഉയർത്തിയത്. എന്നാൽ ടെസ്റ്റ് നടത്തിയ കേന്ദ്ര സർവകലാശാലയിലെ വൈറോളജി ലാബ് അധികൃതർ, തങ്ങൾ പരിശോധനയ്ക്ക് ശാസ്ത്രീയമായ സംവിധാനമാണ് ഉപയോഗിക്കുന്നതെന്ന് വിശദമാക്കി ഈ ആരോപണം തള്ളി രംഗത്തുവരികയും ഡെമ്മി ടെസ്റ്റ് നടത്തിയവരുടെ കിറ്റുകൾ വീണ്ടും ടെസ്റ്റ് നടത്തി സമാനമായ റിസൾട്ട് തന്നെ നൽകുകയും ചെയ്തതോടെ പരാതികൾക്ക് അടിസ്ഥാനമില്ലാതായി. അന്വേഷണ സംഘം കേന്ദ്രസർവകലാശാല ലാബിൽ നിന്നും ഇതിന്റെ വിശദാംശങ്ങൾ തേടിയിരുന്നു.