car

കാസർകോട്: ഹൊസങ്കടി രാജധാനി ജ്വല്ലറിയിലെ സെക്യൂരിറ്റി ജീവനക്കാരനെ ചാക്കിൽ കെട്ടിയിട്ട്, തലക്കടിച്ച് ബോധം കെടുത്തി 15 കിലോ വെള്ളിയാഭരണങ്ങളും നാലര ലക്ഷം രൂപയും കവന്ന കേസിലെ ഏഴ് പ്രതികളെയും തിരിച്ചറിഞ്ഞെങ്കിലും ഇവർ എല്ലാവരും മുങ്ങിയതായി അന്വേഷണസംഘം. മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ആയതിനാൽ ഒളിസങ്കേതം കണ്ടെത്താൻ പൊലീസിന് കഴിയുന്നില്ല. പൊലീസ് സൈബർ സെല്ലും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഒളിവിൽ കഴിയുന്ന കവർച്ചാ സംഘത്തെ വലയിലാക്കാൻ കാസർകോട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെ കീഴിലുള്ള ക്രൈം സ്‌ക്വാഡും മഞ്ചേശ്വരം ഇൻസ്‌പെക്ടർ എ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും കർണാടകയുടെ വിവിധ ഭാഗങ്ങൾ അരിച്ചു പെറുക്കുകയാണ്.

പ്രതികൾ ഒളിവിൽ കഴിയാൻ സാദ്ധ്യതയുള്ള മംഗളൂരു, സൂറത്ത്കൽ, മൈസൂരു തുടങ്ങിയ സ്ഥലങ്ങളെല്ലാം പൊലീസിന്റെ നിരീക്ഷണത്തിലാണ്. കവർച്ചാസംഘത്തിന്റെ തലവൻ സൂറത്ത്കൽ സ്വദേശിയാണ്. കവർച്ചയ്‌ക്ക് മഞ്ചേശ്വരം സ്വദേശികളുടെ സഹായവും കിട്ടിയതായാണ് നിഗമനം. സംഘത്തിൽ ഒരാൾ മലയാളം പറഞ്ഞിരുന്നതായി പരിക്കേറ്റ സെക്യൂരിറ്റി അബ്ദുള്ള പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

കവർച്ചക്കാർ സഞ്ചരിച്ച ഇന്നോവ കാറും തൊണ്ടിമുതലിൽ ഒരു ഭാഗവും കർണ്ണാടക ഉള്ളാൾ പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. കവർച്ചക്ക് ശേഷം രണ്ടു സംഘമായി പിരിഞ്ഞ സംഘം കവർച്ച ചെയ്ത പണവും സ്വർണ്ണവും ഓഹരി വച്ചു.

ഇതിൽ ഒരു സംഘം മറ്റൊരു കാറിൽ കയറി മംഗളൂരു ടൗണിലേക്ക് പോകാതെ രക്ഷപ്പെട്ടു. ഹൊസങ്കടിയിൽ നിന്ന് പുറപ്പെട്ട രണ്ടാമത്തെ സംഘം ഒരു പകൽ ഒളിവിൽ കഴിഞ്ഞ ശേഷം ഇന്നോവ കാറിൽ പോകവേയാണ് ഉള്ളാൾ പൊലീസ് പിടിച്ചെടുത്തത്. സൂറത്ത് കല്ലിൽ നിന്നുള്ള കവർച്ച സംഘം ഹൊസങ്കടിയിൽ എത്തിയ കർണാടക രജിസ്‌ട്രേഷനുള്ള ഇന്നോവ കാറും കവർച്ച ചെയ്ത വെള്ളിയാഭരണങ്ങളിൽ ഒരു ഓഹരിയും ഒന്നര ലക്ഷം രൂപയുമാണ് കിട്ടിയത്.

ഉള്ളാൾ പൊലീസ് പിന്തുടരുന്നതിനിടയിൽ മറ്റൊരു വാഹനത്തിൽ ഇടിച്ച ഇന്നോവയും കവർച്ച മുതലും ഉപേക്ഷിച്ചു കാറിൽ ഉണ്ടായിരുന്നവർ രക്ഷപ്പെടുകയായിരുന്നു. ഇവരിൽ രണ്ടുപേരെയാണ് ഉള്ളാൾ പൊലീസ് തിരിച്ചറിഞ്ഞത്. ഇന്നോവ കാർ സൂറത്ത്കല്ലിൽ നിന്ന് വാടകയ്‌ക്ക് വാങ്ങിയതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ചിക്കമംഗളൂരുവിലെ ബാബാ ബുദൻഗിരിയിലേക്ക് പോകുന്നു എന്നാണ് പ്രതികൾ കാറുടമയോട് പറഞ്ഞിരുന്നത്. മുഹമ്മദ് ഗോസ് എന്നയാളാണ് കാർ വാടകയ്‌ക്ക് എടുത്തത്.