കണ്ണൂർ: കീശയിൽ അഞ്ച് കാശിന്റെ വഴി തടയുമെങ്കിൽ പിന്നെ അവിടെ രാഷ്ട്രീയ ശത്രുതയ്ക്കും മുന്നണി തർക്കങ്ങൾക്കും എന്തുകാര്യം ? പകൽ വെളിച്ചംപോലം ഇത് വ്യക്തമാക്കുന്നതാണ് ഉദയഗിരി പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം. കർണാടക വനമേഖലയോട് ചേർന്നു കിടക്കുന്ന അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള തെരുവ് മലയിൽ കരിങ്കൽ ക്വാറിക്ക് അനുമതി നൽകിയാണ് ഭരണസമിതിലെ ഇടതു, വലതു മുന്നണികൾ ഐക്യപ്പെട്ടത്. ഇതിൽ പ്രതിഷേധിച്ച് ഉദയഗിരി, ചെറുപുഴ പഞ്ചായത്ത് അതിർത്തിയിൽ ചാത്തമംഗലം തെരുവ് മലയിൽ കൂറ്റൻ കരിങ്കൽ ക്വാറിയും ക്രഷറും തുടങ്ങുന്നതിനെതിരെ ജനകീയ പ്രക്ഷോഭം ആരംഭിക്കുകയാണ്.
10 എൽ.ഡി.എഫ്. അംഗങ്ങളും അഞ്ച് യു.ഡി.എഫ്. അംഗങ്ങളും അനുകൂലിച്ച് ഏകകണ്ഠമായാണ് പഞ്ചായത്ത് തീരുമാനം. ആദ്യം പദ്ധതിക്ക് എതിരായിരുന്ന യു.ഡി.എഫ് അംഗങ്ങളെ ഒരു മുതിർന്ന നേതാവ് സമ്മർദ്ദം ചെലുത്തി അനുകൂല തീരുമാനം എടുപ്പിക്കുകയായിരുന്നുവെന്ന് ആരോപണമുയർന്നിട്ടുണ്ട്. നേതാവിനെതിരേ പാർട്ടിക്കാർ ഡി.സി.സി, കെ.പി.സി.സി. നേതൃത്വങ്ങൾക്ക് പരാതി നൽകി. ആലക്കോട്, ചെറുപുഴ പഞ്ചായത്ത് അതിർത്തിയിൽ പശ്ചിമഘട്ട മലനിരയിൽ കുടകുമല വനമേഖലയിൽ നിന്ന് ആകാശദൂരം 150 മീറ്റർ മാത്രം അകലത്തിലാണ് പരിസ്ഥിതി നിയമങ്ങൾ അവഗണിച്ച് ക്വാറിക്കും ക്രഷറിനും അനുമതി നൽകിയിട്ടുള്ളത്. പത്തു വർഷം മുമ്പ് ഇവിടെ ക്വാറിയും ക്രഷറും തുടങ്ങാൻ ശ്രമിച്ചപ്പോൾ ഇടതുമുന്നണിയും ഒരുവിഭാഗം കോൺഗ്രസുകാരും എതിർപ്പുമായി രംഗത്ത് വന്നിരുന്നു. താത്കാലികമായി പണിത കെട്ടിടത്തിന് ആലക്കോട് പഞ്ചായത്ത് നമ്പർ നൽകി. പിന്നീട് പ്രവർത്തനാനുമതി നൽകാൻ നീക്കമുണ്ടായി. പക്ഷേ, ശക്തമായ ജനകീയ പ്രക്ഷോഭത്തെത്തുടർന്ന് ശ്രമം പരാജയപ്പെടുകയായിരുന്നു.
പത്തു കൊല്ലം മുൻപത്തെ കെട്ടിടങ്ങളും യന്ത്രങ്ങളിൽ ചിലതും അവിടെയുണ്ട്. പദ്ധതിക്കായി നിർദേശിച്ചിട്ടുളള ഭൂമി തളിപ്പറമ്പ് താലൂക്കിൽ ആലക്കോട്, ഉദയഗിരി പഞ്ചായത്തുകളിലെ മിച്ചഭൂമി പ്രദേശമാണ്. വിനോദസഞ്ചാര കേന്ദ്രമായി മാറ്റാൻ ശ്രമം നടക്കുന്ന പ്രദേശത്തെ കോടികൾ വിലമതിക്കുന്ന ഭൂമിയാണ് ക്വാറി മാഫിയ പ്രദേശിക രാഷ്ട്രീയനേതാക്കളുടെ ഒത്താശയോടെ കൈയടക്കാൻ നീക്കം നടക്കുന്നത്. ഇവിടം മിച്ചഭൂമിയാണെന്നതിന്റെ രേഖകൾ ഉൾപ്പെടെ നൽകി വിജിലൻസിനും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനും ഹരിത ട്രിബ്യൂണലിനും പരാതി നൽകാൻ ഒരു വിഭാഗം രാഷ്ട്രീയ, പരിസ്ഥിതി സംഘടനകൾ രംഗത്തുവന്നിട്ടുണ്ട്. അപൂർവയിനം ഔഷധസസ്യങ്ങളും പക്ഷികളും ജന്തു, ജീവജാലങ്ങളുമുള്ള കർണാടകയിലെ മുണ്ഡറോട്ട് ഡിവിഷൻ വനമേഖലയോട് ചേർന്നാണ് ക്വാറി, ക്രഷറർ യൂണിറ്റിന് നീക്കം നടക്കുന്നത്. ചാത്തമംഗലം മലനിരയിൽ ഉഗ്രശേഷിയിൽ സ്‌ഫോടനം നടക്കുന്നത് കുടക് വനമേഖലയിലും പ്രത്യാഘാതമുണ്ടാക്കും. ഉദയഗിരിയിലെ ഏറ്റവും കൂടുതൽ ജനവാസമുളള പ്രദേശത്ത് ജനജീവിതം അസാദ്ധ്യമാകാൻ ക്വാറി പ്രവർത്തനം കാരണമാകും. ഉദയഗിരി, ആലക്കോട് പഞ്ചായത്തുതല പ്രതിഷേധ, പ്രതിരോധ പ്രവർത്തനങ്ങൾക്കായി ജനകീയ കൂട്ടായ്മ രൂപീകരിച്ചു.