payyanur

പയ്യന്നൂർ: ഒരു ദിവസം പോലും മുടങ്ങാതെ രാത്രികളിൽ ചുരുങ്ങിയത് രണ്ട് മണിക്കൂർ വീതമെങ്കിലും സർഗാത്മകവും സാംസ്‌കാരികവുമായ വ്യത്യസ്തതകൾ സംവദിക്കുന്ന 'പയ്യന്നൂർ സർഗജാലകം' അഞ്ഞൂറ് ദിനത്തിന്റെ നിറവിൽ. അത്യപൂർവത അവകാശപ്പെടാവുന്ന വിധം ഓൺലൈനിൽ അജൻഡ തെറ്റാതെ പലവകകളൊരുക്കിയാണ് ഇതര കൂട്ടായ്മകളിൽ നിന്ന് സർഗജാലകം വേറിട്ടു നിൽക്കുന്നത്. പയ്യന്നൂർ മുതൽ കരീബിയൻ കടലിലെ ദ്വീപ് രാഷ്ട്രമായ ജമൈക്ക വരെയുള്ള മലയാളികളുടെ കൂട്ടായ്മയാണിത്. പയ്യന്നൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന കലാസാഹിത്യ സാംസ്‌കാരിക വേദിയായ സർഗജാലകം അതിന്റെ പ്രവർത്തനമാരംഭിച്ചിട്ട് ഇന്ന് അഞ്ഞൂറ് ദിവസം പിന്നിടുകയാണ്.

2020 ഫിബ്രവരി പതിനാറിനായിരുന്നു സംഘടനയുടെ ഔപചാരിക തുടക്കം. ഗാന്ധി പാർക്കിൽ ഡോ. കല്പറ്റ നാരായണനാണ് ഉദ്ഘാടനം നിർവഹിച്ചത്. അന്നുതന്നെയാണ് ഇവരുടെ വാട്ട്‌സാപ്പ് ഗ്രൂപ്പും പ്രവർത്തനമാരംഭിച്ചത്. ഞായർ മുതൽ ശനി വരെ യഥാക്രമം അകം, ജാലകം, ഗീതകം, ചിത്രകം, ജാലകപ്പുറം, വിചിത്രജാലകം, സംഗീതകം എന്നിങ്ങനെ ഏഴ് വ്യത്യസ്ത പേരുകളിൽ രാത്രി ഏഴിന് വ്യത്യസ്ത അജൻഡകളോടെയുള്ള പരിപാടികളാണ് വാട്ട്‌സാപ്പ് ഗ്രൂപ്പിൽ നടക്കുന്നത്. ഇക്കഴിഞ്ഞ ഫിബ്രവരി 21 ന് ഒന്നാം വാർഷികാഘോഷം പയ്യന്നൂരിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തി. സംഗീത സംവിധായകൻ വി.ടി മുരളി ഉദ്ഘാടനം ചെയ്തു. കൊവിഡ് കാലത്തിന്റെ സാങ്കേതികപരിമിതി മറികടക്കാൻ വാട്ട്‌സാപ്പ് കൂട്ടായ്മ ഇടതടവില്ലാതെ സജീവത പുലർത്തുകയായിരുന്നു.

സ്ഥിരാംഗങ്ങൾ 150 പേർ

ആദ്യ ദിവസം 90 പേരായിരുന്നു കൂട്ടായ്മയിലെ അംഗങ്ങൾ. ഇപ്പോൾ 150 പേരുണ്ട്. ഇവരിൽ എഴുത്തുകാർ, പ്രഭാഷകർ, ചിത്രകാരന്മാർ, ഗായകർ, സംഗീതജ്ഞർ, ചലച്ചിത്ര പ്രവർത്തകർ തുടങ്ങി വ്യത്യസ്ത മേഖലകളിൽ കഴിവുതെളിയിച്ചവരുണ്ട്. സച്ചിദാനന്ദൻ, കെ.ജി. ശങ്കരപ്പിള്ള, കുരീപ്പുഴ ശ്രീകുമാർ, സുഭാഷ്ചന്ദ്രൻ, ബെന്യാമിൻ, അംബികാസുതൻ മാങ്ങാട്, പി.കെ. ഗോപി, വിജയലക്ഷ്മി, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, പ്രഭാവർമ്മ, യു.കെ. കുമാരൻ, വി.ആർ.സുധീഷ്, ഇ.പി.രാജഗോപാലൻ തുടങ്ങി ഇരുന്നൂറിലധികം പേർ ഇതുവരെ അതിഥികളായെത്തി.
ദേശീയ പ്രാധാന്യമുള്ള ദിനങ്ങളുടെ ആചരണവും ആഘോഷവുമെല്ലാം ഇവർ കൃത്യതയോടെ നടത്തി വരുന്നുണ്ട്.

എ.കെ ഈശ്വരൻ പ്രസിഡന്റും എൻ.വി ഗംഗാധരൻ സെക്രട്ടറിയുമായ പതിമൂന്നംഗ ഭരണസമിതിയാണ് സർഗജാലകത്തിനുള്ളത്. ആഗസ്റ്റ് ഒന്നിന് രാത്രി വാട്ട്‌സാപ്പിലെ പ്രൈം ടൈം ചർച്ച 'പുരോഗമനം: ജീവിതത്തിലും സാഹിത്യത്തിലും' എന്ന വിഷയത്തിലാണ്.