haritham

കണ്ണൂർ: കൊവിഡ് പശ്ചാത്തലത്തിൽ തദ്ദേശസ്ഥാപനങ്ങൾക്ക് കീഴിൽ പ്രവർത്തിക്കുന്ന ഹരിത കർമ്മ സേനയുടെ പ്രവർത്തനം നിലച്ചതോടെ വീടുകളിലും സ്ഥാപനങ്ങളിലും പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നു. നേരത്തെ ഹരിത കർമ്മസേന വീടുകളിലും കടകളിലുമെത്തി മാലിന്യം ശേഖരിച്ചിരുന്നു. എന്നാൽ നിലവിൽ ജില്ലയിലെ പല തദ്ദേശസ്ഥാപനങ്ങളിലും ഹരിത കർമ്മ സേന സജീവമല്ല.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കുടുംബശ്രീയുടെയും ഹരിതകേരളമിഷന്റെയും ശുചിത്വമിഷന്റെയും ക്ലീൻ കേരള കമ്പനിയുടെയും ഭാഗമായാണ് ഹരിത കർമ്മ സേന പ്രവർത്തിക്കുന്നത്. ടൺ കണക്കിന് മാലിന്യങ്ങളാണ് ഓരോ വർഷവും ഹരിതകർമ്മ സേനയുടെ നേതൃത്വത്തിൽ നീക്കിയിരുന്നത്.

ഇവരുടെപ്രവർത്തനം നിലച്ചതോടെ വീടുകളിൽ നിന്നും മറ്റും പ്ലാസ്റ്റിക് കവറുകളും കുപ്പികളും ഗ്ലാസുകളും ഡയപ്പറുകളും മറ്റ് അവശിഷ്ടങ്ങളുമെല്ലാം റോഡരികിലും പുഴകൾ, ജലാശയങ്ങൾ, തോടുകൾ എന്നിവിടങ്ങളിൽ തള്ളുന്ന പ്രവണത വർദ്ധിച്ചിട്ടുണ്ട്. ഈ മാലിന്യങ്ങൾ മഴ ശക്തമായതോടെ അഴുകി പക‌ർച്ചവ്യാധികൾക്കും കാരണമാകുകയാണ്.

പ്ലാസ്റ്റിക് കവറുകൾ സുലഭം
കൊവിഡിൽ പാടേ പാളി പ്ലാസ്റ്റിക് നിരോധനം. പുനരുപയോഗിക്കാൻ കഴിയാത്ത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ അടക്കമുള്ള ഉത്പന്നങ്ങൾ വിപണിയിൽ വീണ്ടും സജീവമായി. പ്ലാസ്റ്റിക് നിരോധനം കർശനമായി നടപ്പിലാക്കുന്നതിനിടെയാണ് കൊവിഡ് വ്യാപനമുണ്ടായത്. പിന്നീട് പരിശോധനയില്ലാതായി. കളക്ടർ, സബ് കളക്ടർ, തദ്ദേശ ആരോഗ്യ വകുപ്പ്, മലിനീകരണ നിയന്ത്രണ ബോർഡിലെ ഉദ്യോഗസ്ഥർ എന്നിവർക്കാണ് നിരോധനം നടപ്പിലാക്കാനുള്ള ചുമതല. ആദ്യ ഘട്ടത്തിൽ നടത്തിയ പരിശോധനകൾ പിന്നീട് ഇല്ലാതായതോടെ ജനങ്ങൾ നിയമത്തെയും മറന്നു. പ്ലാസ്റ്റിക് ബാഗുകൾ ഒഴിവാക്കി തുണി സഞ്ചികളുമായി കടയിൽ പോകുന്നവർ വീണ്ടും പ്ലാസ്റ്റിക്കിലേക്ക് മാറി. ആദ്യഘട്ടത്തിൽ നടത്തിയ പരിശോധനയിൽ നിയമം ലംഘിച്ച കടകൾക്കെതിരെ പിഴ ചുമത്തുകയും ലൈസൻസ് റദ്ദാക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ നടപടികളൊന്നുമില്ല.