boat-jetty
ബോട്ടടുക്കാൻ കഴിയാത്ത വയലോടി കടവ്

തൃക്കരിപ്പൂർ: കവ്വായി കായലിൽ സർവീസ് നടത്തുന്ന ജലഗതാഗത വകുപ്പിന്റെ ബോട്ടുകൾക്ക് ജെട്ടികൾക്കരികിലേക്ക് പ്രവേശനമില്ല. ജെട്ടികൾക്ക് സമീപം മണൽതിട്ട രൂപപ്പെട്ടതും ബോട്ട് ചാനലിൽ മൺതിട്ട രൂപപ്പെട്ട് പുഴയുടെ ആഴം കുറയാൻ കാരണമായതുമാണ് തീരദേശ വാസികളുടെ യാത്ര മുടക്കുന്നത്.

കൊറ്റി- കോട്ടപ്പുറം നാവിഗേഷൻ ജലപാതയിലാണ് പല ജെട്ടികളും നോക്കുകുത്തികളായി മാറിയിട്ടുള്ളത്. തീരപ്രദേശങ്ങളിലെ യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കൊറ്റി -കോട്ടപ്പുറം ജലപാതയിൽ 39 ഇടങ്ങളിൽ സർവ്വീസ് ബോട്ടുകൾ അടുക്കുന്നതിന് ജലഗതാഗത വകുപ്പ് ലക്ഷങ്ങൾ മുടക്കി കോൺക്രീറ്റ് ബോട്ട് ജെട്ടികൾ പണിതിരുന്നു. ആദ്യ ഘട്ടത്തിൽ യാത്രക്കാർ സർവ്വീസ് ബോട്ടുകളിൽ നിന്ന് കയറിയിറങ്ങുന്നതിന് ഏറേ സൗകര്യപ്രദമായിരുന്നു ഇവ. എന്നാൽ കാലക്രമേണ ഇത് ജനങ്ങളിൽ നിന്ന് അകന്നു.

മാടക്കാൽ, വയലോടിക്കടവ് തുടങ്ങിയിടങ്ങളിലാണ് പ്രതിസന്ധി രൂക്ഷം. ജനങ്ങളുടെ ആവശ്യപ്രകാരം മാസങ്ങൾക്ക് മുൻപ് പണിത ഈ ജെട്ടികളിൽ ഇതേവരെ സർവ്വീസ് ബോട്ട് അടുത്തിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. തൃക്കരിപ്പൂർ കന്നുവീട് കടപ്പുറം പ്രദേശങ്ങളിലെ യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്താണ് രണ്ടിടങ്ങളിലും ബോട്ട് ജെട്ടികൾ പണിതത്. സമീപത്തെ മൺതിട്ട നീക്കാത്തതാണ് ലക്ഷങ്ങൾ പാഴായ നിലയിലുള്ളത്.

കൊറ്റി-കോട്ടപ്പുറം ബോട്ട് സർവ്വീസ്

1988ലാണ് കൊറ്റി-കോട്ടപ്പുറം ബോട്ട് സർവ്വീസ് ആരംഭിച്ചത്. കൊറ്റിക്കടവിലെ സ്റ്റേഷൻ മാസ്റ്റർ ഓഫീസും പുഞ്ചക്കാട് വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സീനിയർ സൂപ്രണ്ട് ഓഫീസും തൃക്കരിപ്പൂരിലെ ആയിറ്റിയിലേക്ക് നേരത്തെ മാറ്റിയിരുന്നു. ആയിറ്റിക്കടവിൽ തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് സൗജന്യമായി ജലഗതാഗത വകുപ്പിന് വിട്ടു നൽകിയ 35 സെന്റ് സ്ഥലത്ത് പിന്നീട് സ്വന്തം കെട്ടിട സമുച്ചയം പണിത് പ്രവർത്തിക്കുന്ന കാര്യാലയങ്ങളാണ് കവ്വായി കായലിലെ ബോട്ട് സർവ്വീസ് നിയന്ത്രിക്കുന്നത്. പറശ്ശിനിക്കടവ് -മാട്ടൂൽ ബോട്ട് സർവ്വീസും ഇവിടുത്തെ മേഖല ഓഫീസിന്റെ കീഴിലാണ്.

ബോട്ടു ചാനലുകളിലും ജെട്ടി പരിസരത്തും അടിഞ്ഞുകൂടുന്ന മണൽതിട്ടകൾ നീക്കം ചെയ്യാൻ നേരത്തെ ജലഗതാഗത വകുപ്പ് ഇൻലാൻഡ് നാവിഗേഷൻ വകുപ്പ് മുഖേന പദ്ധതി രൂപീകരിച്ച് നടപ്പിലാക്കിയിരുന്നുവെങ്കിലും വർഷങ്ങളായി മൺതിട്ട നീക്കം ചെയ്യാൻ ഒരു നടപടിയും സ്വീകരിക്കുന്നില്ല. വരുമാനക്കുറവ് വരുത്തി സർവ്വീസ് നിർത്തലാക്കാനുള്ള നീക്കവും ഉണ്ട്.

തീരദേശ വാസികൾ