തലശ്ശേരി: മുൻ രാഷ്ട്രപതി അബ്ദുൾ കലാമിനെ മാതൃകയാക്കുന്ന ഇല്ലിക്കുന്ന് സ്വദേശി ആദർശ് കണ്ടുപിടുത്തങ്ങളുടെ കൂടപ്പിറപ്പാണ്. അറിയുന്തോറും ആഴമേറി വരുന്ന ശാസ്ത്ര ലോകത്ത് പിച്ചവച്ച് തുടങ്ങിയ ഈ കുട്ടിശാസ്ത്രജ്ഞൻ, ഇതിനകം നൂതനങ്ങളായ ഒട്ടേറെ കണ്ടുപിടുത്തങ്ങൾക്ക് ഉടമയായിക്കഴിഞ്ഞു.
വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കാനാവുന്ന വ്യത്യസ്തങ്ങളായ ഉപകരണങ്ങളുടെ കണ്ടുപിടുത്തമാണ് ആദർശിനെ ശ്രദ്ധേയനാക്കിയത്. കണ്ടുപിടുത്തങ്ങളോരോന്നും മനുഷ്യോപകാരപ്രദവുമാണ്. ശരീരത്തിലെ ഓക്സിജന്റെ അളവ് കണ്ടെത്താനുള്ള പൾസ് ഓക്സിമീറ്റർ വികസിപ്പിച്ചെടുത്ത, ഓട്ടോമാറ്റിക്ക് പൾസ് ഓക്സിമീറ്റർ, കൊവിഡ് കാലത്ത് ഏറെ പ്രയോജനപ്പെടുന്നതായി. ഓക്സി മീറ്ററിൽ വിരൽ വെച്ചാൽ അളവ് എത്രയെന്ന് മൊബൈലിൽ തെളിയും. ഏത് ഡിസൈനും, മോൾഡ് ചെയ്യാൻ പാകത്തിലുള്ള ത്രീഡി പ്രിന്ററും ആദർശ് രൂപപ്പെടുത്തിയിട്ടുണ്ട്. ഈയൊരു പ്രിന്റർ ഉപയോഗിച്ച് സ്വിച്ച്, സ്വിച്ച് ബോർഡ്, മൊബൈൽ സ്റ്റാൻഡ്, ട്രൈഫോഡ് തുടങ്ങിയവയെല്ലാം ഏത് ആകൃതിയിലും മോൾഡ് ചെയ്യാം. ഇ-വെയിസ്റ്റ് ഉപയോഗിച്ചുള്ള പവർബാങ്കും, കണ്ടുപിടുത്തങ്ങളിൽ ഒന്നാണ്. സി.എൻ.സി. ഡ്രോയിംഗ് മെഷിൻ, ഐ.ഒ.ടി കൺട്രോൾഡ് ഹോം അപ്ലയൻസ്, ഇവയെല്ലാം ആദർശിന്റെ തലച്ചോറിൽ വിരിഞ്ഞ ശാസ്ത്ര നേട്ടങ്ങളാണ്. സ്‌കൂൾ വിദ്യാഭ്യാസ കാലത്ത് തന്നെ ശാസ്ത്രാഭിമുഖ്യമുണ്ടായിരുന്ന ആദർശ്, സ്‌കൂൾ ശാസ്ത്രമേളകളിൽ പങ്കെടുക്കാറുണ്ടായിരുന്നു. 2014- 15 വർഷം നടന്ന തലശ്ശേരി സൗത്ത് സബ്ബ് ജില്ലാ ശാസ്‌ത്രോത്സവത്തിലും, റവന്യൂ ജില്ലാ ശാസ്‌ത്രോത്സവത്തിലും ഒന്നാം സമ്മാനത്തിന് അർഹനായി. കല്യാശ്ശേരി പോളിടെക്നിക്കിലെ അവസാന വർഷ ഇലക്ട്രോണിക്സ് ഡിപ്‌ളോമ വിദ്യാർത്ഥിയായ ആദർശ് തലശ്ശേരി ഇല്ലിക്കുന്നിലെ വിജയൻകാവിൽ പി.പി.സുഭാഷിന്റെയും കെ.എം. ഷീനയുടെയും മകനാണ്. മൈക്രോ ആർട്ടിൽ വിസ്മയം വിരിയിക്കുന്ന കലാപ്രതിഭ അക്ഷയയുടെ ഇരട്ട സഹോദരനാണ് ആദർശ്. ഭാവിയിൽ ഒരു ശാസ്ത്രജ്ഞനാവുകയെന്നതാണ് ഈ യുവപ്രതിഭയുടെ ജീവിത ലക്ഷ്യം.
പഠനമെന്നത് ജോലി സമ്പാദിക്കാനുള്ള സർട്ടിഫിക്കറ്റിന് വേണ്ടിയുള്ളതല്ലെന്നും മനുഷ്യോപകാരപ്രദമായ നൂതനമായ കണ്ടുപിടുത്തങ്ങൾക്ക് വേണ്ടിയുള്ളതാവണമെന്നും ഉറച്ച് വിശ്വസിക്കുന്നു.
ആദർശ്