കാസർകോട്: ജനറൽ ആശുപത്രിയിലേക്കുള്ള കോൺക്രീറ്റ് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് വ്യാപക പരാതി ഉയർന്ന സാഹചര്യത്തിൽ വിജിലൻസ് സംഘം പരിശോധന നടത്തി. പ്രാഥമിക പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. ടാറിളകി പൊട്ടിപൊളിഞ്ഞ റോഡ് കോൺക്രീറ്റ് ചെയ്തിരുന്നു. 10 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച റോഡ് ദിവസങ്ങൾക്കുള്ളിൽ തന്നെ തകർന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പിന്നീട് വീണ്ടും കോൺക്രീറ്റ് നടത്തി. നിർമ്മാണത്തിൽ അപാകത ആരോപിച്ച് വിജിലൻസിന് ലഭിച്ച പരാതിയിലാണ് അന്വേഷണം. കാസർകോട് വിജിലൻസ് ഡിവൈ.എസ്.പി. കെ.വി. വേണുഗോപാൽ, എ.എസ്.ഐ. സുഭാഷ് ചന്ദ്രൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ രഞ്ജിത്ത്, രാജീവൻ, ഹാർബർ എൻജിനീയറിംഗ് വകുപ്പിലെ അസിസ്റ്റന്റ് എൻജിനീയർ കെ. ബാബുമോൻ എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.