മാഹി: കൊവിഡ് മഹാമാരിയുടെ ഭീഷണിക്കൊപ്പം, ആഫ്രിക്കൻ ഒച്ചിന്റെ കടന്നാക്രമണം കൂടിയായപ്പോൾ, പന്തക്കൽ നവോദയ വിദ്യാലയ പരിസരത്തുകാർ തീർത്തും ഭീതിയിലായി. കഴിഞ്ഞ ദിവസം മുതലാണ് ഇവിടുത്തെ മൂന്ന് വീട്ടുകാർക്ക് കൂറ്റൻ ഒച്ചിന്റെ സാന്നിദ്ധ്യം അനുഭവപ്പെട്ടത്. ചതുപ്പ് പ്രദേശമാണിത്. അതുകൊണ്ടു തന്നെ ഇവ എളുപ്പത്തിൽ പെറ്റുപെരുകാനുള്ള സാദ്ധ്യത ഏറെയാണ്. ഒരോ ദിവസം കഴിയുന്തോറും, വൻ തോതിൽ ഇവ പെറ്റുപെരുകുന്നു. ഇത്തരമൊരു സാഹചര്യത്തിൽ മയ്യഴി നഗരസഭാധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് സാമൂഹ്യ പ്രവർത്തകനായ റീജേഷ് ആവശ്യപ്പെട്ടു.
മാഹിക്കടുത്ത അഴിയൂരിൽ നാല് വർഷം മുമ്പ് ആഫ്രിക്കൻ ഒച്ചിന്റെ കടന്നാക്രമണമുണ്ടായിരുന്നു. വീട്ടിനകത്ത് മാത്രമല്ല, കിണറുകളിൽപ്പോലും ഒച്ചുകളുടെ സാന്നിദ്ധ്യമുണ്ടായത്, കുടിവെള്ളം പോലും ഉപയോഗിക്കാനാവാത്ത അവസ്ഥ സൃഷ്ടിച്ചിരുന്നു. പഞ്ചായത്ത് അധികൃതരുടേയും കൃഷി വകുപ്പിന്റേയും സഹകരണത്തോടെ ജനകീയ കമ്മിറ്റികൾ രൂപീകരിച്ച്, ഇവയെ മാസങ്ങളോളം നീണ്ടുനിന്ന പ്രതിരോധ പ്രവർത്തനത്തിലൂടെയാണ് നീക്കംചെയ്തത്.
വിദേശങ്ങളിൽ നിന്ന് ലോറികളിൽ കൊണ്ടുവന്ന മരത്തടികളിൽ നിന്നാണ് ആഫ്രിക്കൻ ഒച്ചുകൾ കേരളക്കരയിലെത്തിയതെന്നാണ് വിദഗ്ദ്ധാഭിപ്രായം. ഇന്നും ഒറ്റപ്പെട്ട നിലയിൽ ഒച്ചുകൾ പഞ്ചായത്തിന്റെ ചില ഭാഗങ്ങളിലുണ്ട്. അവ പെറ്റുപെരുകാത്ത വിധം നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
അന്നത്തെ ജനകീയ കമ്മിറ്റി സാരഥി പ്രദീപ് ചോമ്പാല
അഴിയൂരിൽ ആഫ്രിക്കൻ ഒച്ചിന്റെ ഭീഷണി നേരിട്ടത് പരമ്പരാഗത രീതിയിലൂടെയാണ്. ലോഡുകണക്കിന് ഉപ്പു ചാക്കുകളാണ് ഉപയോഗിച്ചത്. ആദ്യം ഇവയുടെ സഞ്ചാര പഥം ഉപ്പിട്ട് തടഞ്ഞു. പിന്നീട് ഒരോ ദിവസവും, ഇവയെ പെറുക്കിയെടുത്ത് ഒന്നിച്ച് കൂട്ടിയിട്ട് ഉപ്പ് പ്രയോഗിച്ച് നശിപ്പിക്കുകയായിരുന്നു. യുദ്ധകാലാടിസ്ഥാനത്തിൽ മാസങ്ങളോളം സ്‌ക്വാഡുകളായി ഈ പ്രവർത്തനം തുടർന്നു.
അഴിയൂർ പഞ്ചായത്ത് സെക്രട്ടറി ഷാഹുൽ ഹമീദ്
മാഹി പന്തക്കലിൽ കാണപ്പെട്ട ആഫ്രിക്കൻ ഒച്ചുകളിലൊന്ന്