ചെറുവത്തൂർ: കാടങ്കോട് ഫിഷറീസ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അനന്യയും അനഘയും ഇരട്ടകളാണ്. സയൻസ് വിഷയത്തിൽ ഈ സഹോദരികൾ നേടിയ വിജയം കൗതുകം നിറഞ്ഞതും മികച്ചതും. ഒരേ ക്ലാസ്സിൽ പഠിച്ച ഈ മിടുക്കികൾക്ക് ലഭിച്ച മാർക്കുകൾ പലതും ഒരേ മാർക്കുകൾ. അനന്യക്ക് ലഭിച്ചത് ആകെ മാർക്കിന്റെ 10 കുറഞ്ഞ് 1990. അനഘയ്ക്ക് ലഭിച്ചത് അതിലും ഒരു മാർക്ക് കുറഞ്ഞ് 1189. കെമിസ്ട്രിയിലും ബയോളജിയിലും രണ്ടു പേർക്കും 200 വീതം. മാത്‌സിലും 200 ൽ 199 വീതം നേടി ഇരട്ടകൾ തുല്യത പാലിച്ചു. ഇംഗ്ലീഷിൽ അനഘയ്ക്ക് 192 ലഭിച്ചപ്പോൾ അനന്യ 191 നേടി ഒരു മാർക്ക് പിറകിൽ. എന്നാൽ ഫിസിക്സിൽ ഈ കുറവ് പരിഹരിച്ച അനന്യ 200 നേടിയപ്പോൾ അനഘ 2 മാർക്ക് കുറഞ്ഞ് 198 നേടി.
ഭക്ഷണ കാര്യത്തിലും മറ്റ് ഇഷ്ടങ്ങളും ഈ ഇരട്ടകൾക്ക് ഒരുപോലെയാണ്. സയൻസ് വിഷയമെടുത്ത് തുടർ പഠനം നടത്താനാണ് ഇവരുടെ ആഗ്രഹം. വെസ്റ്റ്എളേരി പഞ്ചായത്തിലെ പാർട്ട് ടൈം ലൈബ്രേറിയൻ ജയപ്രകാശ് - ശ്യാമള ദമ്പതികളുടെ മക്കളാണ് അനന്യയും അനഘയും.