കാസർകോട്: സി.പി.എം നേതാവിന്റെ മുഖത്ത് മുളക്‌പൊടി വിതറി കത്തി വീശി ഭീഷണിപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. സി.പി.എം കാറഡുക്ക ഏരിയ സെക്രട്ടറി മുളിയാർ ചരവിലെ മാധവനെ ആക്രമിച്ച കേസിൽ പാണൂർ കണ്ണത്ത് സ്വദേശി ഹർഷിദ് (22) ആണ് അറസ്റ്റിലായത്. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. മാധവന്റെ ബന്ധുവാണ് ഹർഷിദ്. കുടുംബ വഴക്കാണ് അക്രമത്തിന് കാരണമെന്ന് പറയുന്നു.
മാധവന്റെ നിലവിളികേട്ട് പരിസരവാസികൾ ഓടിക്കൂടുന്നതിനിടെ ഹർഷിദ് സ്‌കൂട്ടറിൽ രക്ഷപ്പെടുകയായിരുന്നു. പെർള കാട്ടുകുക്കെയിലെ ബന്ധുവീട്ടിൽ വെച്ചാണ് ആദൂർ എസ്.ഐ ഇ. രത്നാകരന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പ്രതിയെ കാസർകോട് കോടതിയിൽ ഹാജരാക്കി.