പാലക്കുന്ന്: പരിസ്ഥിതി സംരക്ഷണ ദിനത്തിൽ ഉദുമ ഗ്രാമ പഞ്ചായത്തിൽ കാവ് സംരക്ഷണ ഭാഗമായി മരതൈകൾ നട്ടുപിടിപ്പിച്ചു. ബ്ലോക്ക് ആയുഷ് ഗ്രാമവും ഗ്രാമ പഞ്ചായത്തും സംയുക്തമായി കാവുകൾ നാടിന്റെ ഓക്സിജൻ പാർലർ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ ബാര വണ്ണാരത്ത് കാവിൽ ഔഷധ തൈകൾ നട്ടുപിടിപ്പിച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി പദ്ധതി ഉദ്ഘാടനം ചെയ്തു. കർക്കടക ചികിത്സയെ കുറിച്ചും ഔഷധകഞ്ഞി തയ്യാറാക്കുന്നതിനെ കുറിച്ചുമുള്ള പോസ്റ്റർ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പ്രകാശനം ചെയ്തു. വണ്ണാരത്ത് ഭാഗവതി ക്ഷേത്ര ഭരണ സമിതി ജനറൽ സെക്രട്ടറി രാജീവൻ തോട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ബി.എം.സി കൺവീനർ മുകുന്ദൻ പി.കെ പരിസ്ഥിതി സംരക്ഷണ സന്ദേശം നൽകി. ആയുഷ് ഗ്രാമം പ്രൊജക്ട് നോഡൽ ഓഫിസർ ഡോ. വിശ്വനാഥ് സ്വാഗതവും ഗോപാലകൃഷ്ണൻ പറക്കടവ് നന്ദിയും പറഞ്ഞു. ക്ഷേത്ര ഭരണ സമിതി ഭാരവാഹികളും ഗവ. ആയുർവേദ ആശുപത്രി ജീവനക്കാരും പരിപാടിയിൽ സംബന്ധിച്ചു.