പേരാവൂർ: ബാവലിപ്പുഴയുടെ സംരക്ഷണത്തോടൊപ്പം ജലസുരക്ഷാ പദ്ധതിയും നടപ്പാക്കുന്നതിന്റെ ഭാഗമായി പേരാവൂർ ബ്ലോക്കിലെ ഏഴു പഞ്ചായത്തുകളിലും സംഘാടക സമിതി രൂപീകരണം പൂർത്തിയായി. ബ്ലോക്ക് പഞ്ചായത്തിനൊപ്പം ഹരിത കേരള മിഷൻ പ്രതിനിധികളുടെയും, സി.ഡബ്ല്യു.ആർ.ഡി.എമ്മിലെ ശാസ്ത്രജ്ഞരുടെയും നേതൃത്വത്തിലാണ് സമിതി രൂപീകരിച്ചത്. പദ്ധതി വിജയിപ്പിക്കുന്നതിനായി ഓരോ പഞ്ചായത്തിൽ നിന്നും രണ്ട് വളണ്ടിയർമാരെ വീതം തിരഞ്ഞെടുത്തിരുന്നു. പരിശീലന ക്ലാസുകൾ നൽകിയ ശേഷം
ഇവരിലൂടെയായിരിക്കും ഓരോ പഞ്ചായത്തിലെയും ഓരോ വാർഡിലുമുള്ള ജലസ്രോതസ്സുകളുടെ ഡാറ്റകൾ ശേഖരിക്കുക.
ആഗസ്റ്റ് 15 നുള്ളിൽ ഡാറ്റകൾ മുഴുവൻ ശേഖരിക്കുകയും ആദ്യഘട്ട പഠനങ്ങൾ പൂർത്തിയാക്കുകയും ചെയ്യും. ഡാറ്റ ശേഖരണ വളണ്ടിയർമാർക്കുള്ള പരിശീലന ക്ലാസ് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. സി.ഡബ്‌ള്യു.ആർ.ഡി.എം പ്രിൻസിപ്പൽ സയന്റിസ്റ്റ് സി.എം. സുശാന്ത് ഓൺലൈനായി ക്ളാസുകൾ നൽകി. ഹരിതകേരള മിഷൻ ജില്ല കോ-ഓർഡിനേറ്റർ ഇ.കെ. സോമശേഖരൻ പദ്ധതി വിശദീകരണം നടത്തി. സയന്റിസ്റ്റുമാരായ വിവേക്, രാജീവ്, ഹരിതകേരള മിഷൻ ജില്ല ആർ.പി മാരായ നിഷാദ് മണത്തണ, ലക്ഷ്മി ലേഖ ക്ളാസുകൾ നിയന്ത്രിച്ചു.
ലോഗോ ക്ഷണിച്ചു
പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് സമഗ്ര ജലസുരക്ഷ പദ്ധതിക്ക് അനുയോജ്യമായ പേര്, ലോഗോ എന്നിവ ക്ഷണിക്കുന്നു. തിരഞ്ഞെടുക്കപ്പെട്ടവക്ക് സമ്മാനങ്ങൾ നൽകും. ഫോൺ 9048474961.