പേരാവൂർ(കണ്ണൂർ): ജാർഖണ്ഡ് സ്വദേശി മംത കുമാരി (20) ആര്യപ്പറമ്പ് സെന്റ് മേരീസ് എസ്റ്റേറ്റിലെ താമസസ്ഥലത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ചത് കൊലപാതകമാണെന്ന് വ്യക്തമായി. യുവതിയോടൊപ്പം കഴിഞ്ഞ ആൺ സുഹൃത്തും എസ്റ്റേറ്റ് തൊഴിലാളിയുമായ യോഗീന്ദറിനെ (28) കൊലക്കുറ്റത്തിന് പേരാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. കോടതി ഇയാളെ റിമാൻഡ് ചെയ്തു.
ദ്വിഭാഷിയുടെ സഹായത്തോടെ ചോദ്യം ചെയ്‌താണ് പൊലീസ് വിവരങ്ങൾ ശേഖരിച്ചത്. തന്റെ ഭാര്യ മരിച്ചെന്നും ഒരു കുട്ടി നാട്ടിൽ ഉണ്ടെന്നും പ്രതി മൊഴി നൽകിയെന്നാണ് അറിയുന്നത്.
ജാർഖണ്ഡിലെ ഗുംല ജില്ലയിലെ ഗാഗ്ര സ്വദേശിയാണ് മംതകുമാരി. യോഗീന്ദ്രയുമായി പ്രണയത്തിലായിരുന്ന മംത രണ്ടുമാസം മുമ്പാണ് ആര്യപ്പറമ്പിലെത്തിയത്. അവിടെ ഡെങ്കിപ്പനി ബാധിച്ച മംത കണ്ണൂർ ജില്ലാ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരാഴ്ചയിലധികം ചികിത്സയിലായിരുന്നു. യോഗീന്ദ്രയുടെ നിരന്തരമുള്ള മർദ്ദനവും പീഡനവുമാണ് മരണത്തിന് കാരണം.
തലച്ചോറിൽ രക്തം കട്ടപിടിച്ചതും വാരിയെല്ലിലെ പൊട്ടലും കാലുകളിലെ ആഴത്തിലുള്ള മുറിവും മർദ്ദനം മൂലമാണെന്ന് തെളിഞ്ഞതാണ് വഴിത്തിരിവായത്.
പേരാവൂർ ഇൻസ്‌പെക്ടർ എം.എൻ.ബിജോയ്, എസ്.ഐ.ഇ.കെ.രമേശ്, എ.എസ്.ഐ.ശിവദാസൻ എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.
കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ അന്വേഷണ സംഘം ഉടൻ ജാർഖണ്ഡിലേക്ക് പോകും.