കണ്ണൂർ: ജില്ലാ ആശുപത്രിയിലെ ഓക്സിജൻ ടാങ്ക് പ്രവർത്തന സജ്ജമായി. 6000 ലിറ്റർ ഓക്സിജൻ സംഭരണ ശേഷിയുള്ള ലിക്വിഡ് മെഡിക്കൽ ഓക്സിജൻ ടാങ്ക് സ്ഥാപിക്കുന്ന പ്രവൃത്തിയാണ് പൂർത്തിയായത്. ടാങ്കിന്റെ ഉദ്ഘാടനം നാളെ ഉച്ചക്ക് 12.30ന് തദ്ദേശസ്വയംഭരണ മന്ത്രി എം.വി ഗോവിന്ദൻ നിർവഹിക്കും. കെ.സുധാകരൻ എം.പി, രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ, ജില്ലാ കളക്ടർ ടി.വി സുഭാഷ് എന്നിവർ പങ്കെടുക്കും.
കൊവിഡ് രോഗികൾക്ക് ഓക്സിജൻ ലഭ്യമാക്കുന്നതിനായാണ് ജില്ലാ ആശുപത്രിയിൽ ഓക്സിജൻ ടാങ്ക് സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ജില്ലാ കളക്ടർ ടി.വി സുഭാഷ് മുൻകൈ എടുത്ത് ആരംഭിച്ചത്. 6000 ലിറ്റർ സംഭരണ ശേഷിയുണ്ടെങ്കിലും ആശുപത്രിയുടെ ദൈനംദിന ആവശ്യത്തിനായി 1500 ലിറ്റർ മതിയാവും. പൈപ്പ് വഴിയാണ് കൊവിഡ് വാർഡുകളിലേക്ക് ഓക്സിജൻ എത്തിക്കുക.
കൊവിഡ് രണ്ടാം തരംഗത്തോടെ ഓക്സിജൻ ലഭ്യതക്കുറവ് നേരിട്ട സാഹചര്യത്തിലാണ് ജില്ലാ പഞ്ചായത്തും കെയർ ഇന്ത്യ എന്ന സന്നദ്ധ സംഘടനയും ചേർന്ന് ഓക്സിജൻ ടാങ്ക് സ്ഥാപിക്കുന്നതിനുള്ള പദ്ധതി ആരംഭിച്ചത്. കെയർ ഇന്ത്യയാണ് ടാങ്ക് സംഭാവന ചെയ്തത്. ടാങ്കിന് ചുറ്റിലുമുള്ള ഇരുമ്പ് വേലിക്കും മറ്റ് അനുബന്ധ പ്രവർത്തനങ്ങൾക്കുമായി 30 ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത് അനുവദിച്ചത്.
ഇതിനു പുറമെ, 500 ലിറ്റർ പെർ മിനിട്ട് (എൽ.പി.എം) ഉൽപ്പാദന ശേഷിയുള്ള ഓക്സിജൻ ജനറേറ്ററിന്റെ നിർമ്മാണവും ജില്ലാ ആശുപത്രിയിൽ പുരോഗമിക്കുകയാണ്. ബി.പി.സി.എല്ലിന്റെ സഹായത്തോടെയാണ് ഇത് നിർമ്മിക്കുന്നത്. അടുത്തയാഴ്ചയോടെ പ്ലാന്റ് പ്രവർത്തനം ആരംഭിക്കും.