കൂത്തുപറമ്പ്: ജനകീയ ഹോട്ടലിൽ നിന്ന് പണവും, പച്ചക്കറികളും, പലവ്യഞ്ജനങ്ങളും മോഷണം പോയി. നഗരസഭയുടെ കീഴിൽ ഗവ: ഹയർ സെക്കൻഡറി സ്‌കൂൾ കോംപൗണ്ടിൽ പ്രവർത്തിക്കുന്ന ജനകീയ ഹോട്ടലിലാണ് ബുധനാഴ്ച രാത്രി മോഷണം അരങ്ങേറിയത്. വാതിലിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്നായിരുന്നു മോഷണം. മേശയിൽ സൂക്ഷിച്ച 1050 രൂപ മോഷ്ടാവ് അപഹരിച്ചു. അതോടൊപ്പം ഭക്ഷണം തയ്യാറാക്കാൻ സൂക്ഷിച്ചിരുന്ന അരി, പലവ്യഞ്ജനങ്ങൾ, പച്ചക്കറികൾ, തേങ്ങ എന്നിവയും കടത്തിക്കൊണ്ടുപോയി. എന്നാൽ ഹോട്ടലിൽ സൂക്ഷിച്ചിരുന്ന രണ്ട് ചാക്ക് അരി കടത്താൻ സാധിച്ചില്ല. പരാതി നൽകിയതിനെ തുടർന്ന് പൊലീസും, നഗരസഭാ അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. സർക്കാർ നിർദ്ദേശപ്രകാരം ആരംഭിച്ച ജനകീയ ഹോട്ടലിൽ നിന്നും 20 രൂപക്കാണ് ചോറ് നൽകി വരുന്നത്.