തളിപ്പറമ്പ്: കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ഓപ്പറേഷൻ തീയേറ്ററിൽ നിന്ന് കാണാതായ ഏഴ് ലക്ഷം രൂപ വിലമതിക്കുന്ന വീഡിയോ ലാവിങ്കോ സ്‌കോപ്പ് എന്ന ഉപകരണം മോഷ്ടാവ് തന്നെ തിരികെ കൊണ്ടു വച്ചു. ഈ ഉപകരണം കഴിഞ്ഞ ജൂൺ ഒൻപതിന് മോഷണം പോയതായി മെഡിക്കൽ കോളേജ് അധികൃതർ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് കേസെടുത്തുവെങ്കിലും അന്വേഷണം നടക്കുന്നതിനിടയിലാണ് ഇത് തിരികെയെത്തിയത്.
ബുധനാഴ്ച രാത്രിയിലാണ് ഉപകരണം പഴയസ്ഥാനത്ത് കണ്ടതെന്ന് ഓപ്പറേഷൻ തീയേറ്ററിലെ ജീവനക്കാർ അനസ്തീഷ്യാ വിഭാഗം മേധാവി ഡോ. ചാൾസിനെ അറിയിച്ചു. തുടർന്ന് മെഡിക്കൽ കോളേജ് അധികൃതർ വിവരം പരിയാരം ഇൻസ്‌പെക്ടർ കെ.വി. ബാബുവിന്റെ ശ്രദ്ധയിൽപെടുത്തി. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ പൊലീസ് എത്തി ഇത് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിരലടയാള വിദഗ്ദ്ധർ എത്തി പരിശോധന നടത്തി.