പഴയങ്ങാടി: ഗതാഗത പരിഷ്കാരത്തിന്റെ ഭാഗമായി കെ.എസ്.ടി.പി റോഡിലെ അനധികൃത പാർക്കിംഗ് പൊലീസ് ഒഴിപ്പിച്ച് തുടങ്ങിയതോടെ വാഹനങ്ങൾ പഴയങ്ങാടി -മുട്ടുകണ്ടി റോഡിന്റെ ഇരുവശവും കൂട്ടിയിടാൻ തുടങ്ങി. ഇങ്ങനെ അനധികൃതമായി നിർത്തിയിടുന്ന വാഹനങ്ങൾ മറ്റൊരു ഗതാഗത കുരുക്കിന് വഴിയൊരുക്കും.
കഴിഞ്ഞ ആഴ്ച പഴയങ്ങാടി പൊലീസ് സ്റ്റേഷനിൽ സി.ഐ രാജഗോപാൽ, എസ്.ഐ ഷാജു കെ എന്നിവരുടെ നേതൃത്വത്തിൽ ഏഴോം, മാടായി പഞ്ചായത്ത് പ്രസിഡന്റുമാർ, വ്യാപാരി പ്രതിനിധികൾ, ഓട്ടോ തൊഴിലാളി പ്രതിനിധികൾ എന്നിവരുടെ യോഗം ചേരുകയും അനധികൃത പാർക്കിംഗിനെതിരെ കർശന നടപടി എടുക്കുവാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. സി.ഐ രാജഗോപാലിന്റെയും പ്രിൻസിപ്പൽ എസ്.ഐ കെ. ഷാജുവിന്റെയും നേതൃത്വത്തിലാണ് ഇപ്പോൾ പരിഷ്കരണ പരിപാടി ആരംഭിച്ചിരിക്കുന്നത്.
എരിപുരം സർക്കിൾ മുതൽ പഴയങ്ങാടി പാലം വരെയുള്ള കെ.എസ്.ടി.പി റോഡിന്റെ ഇരുവശത്തുമുള്ള അനധികൃത പാർക്കിംഗ് ഒഴിപ്പിച്ച് കൊണ്ടാണ് പരിഷ്കരണ പരിപാടിക്ക് തുടക്കം കുറിച്ചത്. വിവിധയിടങ്ങളിൽ നോ പാർക്കിംഗ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. റെയിൽവേ അണ്ടർബ്രിഡ്ജിന് സമീപത്തായി സ്ഥിരം പൊലീസിനെ നിയമിച്ചു. കഴിഞ്ഞ ദിവസം എരിപുരത്ത് ഉണ്ടായ അപകടത്തെ തുടർന്നാണ് പൊലീസ് കർശന നടപടിയുമായി മുന്നോട്ട് നീങ്ങുന്നത്.