കാസർകോട്: ആഡംബര വാഹനങ്ങളുടെ ഒരു ഷോറൂം തന്നെയുണ്ട് പൂച്ചോലിലെ മീരജിന്റെ വീട്ടിൽ. മേഴ്സിഡസ് ബെൻസ്, മഹീന്ദ്ര താർ, ഡ്യൂക്കാട്ടി പാനിഗലോ, ഹിമാലയ, റോയൽ എൻഫീൽഡ് തുടങ്ങി വാഹന പ്രേമികളുടെ ഇഷ്ടമോഡലുകളുടെ വലിയ നിര തന്നെയുണ്ട് നീരാജിന്റെ ഷോറൂമിൽ .15 ഓളം മോഡലുകൾ ഇപ്പോൾ തന്നെയുണ്ട്. പക്ഷെ എല്ലാം മിനിയേച്ചറുകളാണെന്ന് മാത്രം. പുതിയ ബെൻസ് കാർ കൊണ്ടുവന്ന് അതിന്റെ കുഞ്ഞൻ മോഡൽ ഉണ്ടാക്കാൻ പറഞ്ഞാൽ ഒരു മാസം കൊണ്ട് മീരജ് റെഡിയാക്കി നൽകും. കുഞ്ഞൻ മോഡൽ വാങ്ങിക്കാൻ പലരും മീരജിനെ തേടിയെത്തുന്നുണ്ട്.
സിവിൽ എൻജിനീയറിംഗ് വിദ്യാർത്ഥിയായ മീരജിന് വാഹനങ്ങളോടുള്ള അടങ്ങാത്ത കമ്പമാണ് ഇത്തരം മിനിയേച്ചറുകളിലേക്കു നയിച്ചത്. ഏറെയും ബൈക്കുകളാണ്. എല്ലാം ഒറിജിലിനെ പോലും വെല്ലുന്നവ. വാഹന പ്രേമികൾ ആരെത്തിയാലും അവർക്ക് വേണ്ട കുഞ്ഞൻ വാഹനം ആഴ്ചകൾക്കുള്ളിൽ നിർമിച്ചു നൽകും. അതാണ് മീരജിന്റെ പ്രത്യേകത. കുട്ടിക്കാലത്ത് തന്നെ വാഹനങ്ങളോട് പ്രിയം തുടങ്ങിയിരുന്നുവെന്ന് മീരജ് പറയുന്നു. ചിത്രങ്ങൾ വരച്ചും വാഹനത്തിന്റെ ബ്ലൂപ്രിന്റ് തയ്യാറാക്കിയുമാണ് മിനിയേച്ചർ നിർമാണം ആരംഭിക്കുന്നത്. ഫോറെക്‌സ് ഷീറ്റ്, എംസീൽ, അലുമിനിയം ഇരുമ്പ് കമ്പികൾ തുടങ്ങിയവ ഉപയോഗിച്ചാണ് നിർമ്മാണം. ഫാബ്രിക് പെയിന്റു കൊണ്ടാണ് നിറം നൽകുന്നത്. എൽ.ഇ.ഡി ബൾബുകൾ കൊണ്ടുള്ള ദീപാലങ്കാരങ്ങളും വാഹനങ്ങളിൽ ഒരുക്കിയിട്ടുണ്ട്. പത്ത് ദിവസമെടുത്താണ് പണിപ്പുരയിൽ വാഹനങ്ങളുടെ നിർമ്മാണം പൂർത്തിയാകുന്നത്.
കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്‌നിക് കോളജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായ മീരജ് ഓൺലൈൻ പഠനത്തിനിടെ കിട്ടുന്ന ഒഴിവുവേളയിലാണ് ഇപ്പോൾ കലാസൃഷ്ടികൾ ചെയ്യുന്നത്. ചിത്രരചനയും ശിൽപ നിർമാണവും മീരജിന് പാരമ്പര്യമായി ലഭിച്ച കഴിവുകളാണ്. സ്‌കൂൾ പഠനവേളയിൽ ക്ലേമോഡലിംഗിൽ രണ്ടുതവണ സംസ്ഥാനത്ത് മത്സരിച്ച് ഏ ഗ്രേഡ് നേടിയിരുന്നു. സിനിമാതാരങ്ങളുടെ ജീവൻ തുടിക്കുന്ന ചിത്രങ്ങളും മീരജിന്റെ സർഗസൃഷ്ടിയിൽ പിറവിയെടുത്തിട്ടുണ്ട്. പൂച്ചോലിലെ സ്വർണ പണിക്കാരൻ കെ.ടി. മുരളിയുടേയും ലളിതയുടേയും രണ്ടാമത്തെ മകനാണ്. ബൈക്കുകളുടെ കടുത്ത ആരാധകൻ കൂടിയായ മീരജിന് സഹോദരനും ബംഗളൂരുവിൽ ഇൻഡീരിയിൽ ഡിസൈനറുമായ മിഥുൻ ഇഷ്ടവാഹനമായ ടി.വി.എസിന്റെ എൻഡോക് ബൈക്ക് സമ്മാനിച്ചിട്ടുണ്ട്.