കണ്ണൂർ: ജില്ലയിലേക്ക് കർണാടകയിൽ നിന്നുള്ള വിദേശ മദ്യത്തിന്റെ ഒഴുക്ക്. കഴിഞ്ഞമാസം മാത്രം ജില്ലയിൽ രജിസ്റ്റർ ചെയ്തത് 1500ന് മുകളിൽ കേസുകൾ. പിടിച്ചെടുത്ത് 2100 ലിറ്റർ മദ്യവും. കർണാടകയിൽ മദ്യത്തിന് കേരളത്തെ അപേക്ഷിച്ച് നികുതി കുറവായതിനാൽ വിലയും കുറവാണ്. ഇത് കാരണമാണ് ജില്ലയിലേക്ക് അനധികൃത മദ്യമെത്തുന്നതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.
ഒാണത്തിന് ദിവസങ്ങൾ ബാക്കി നിൽക്കെ മദ്യത്തിന്റെ കടത്ത് ഇനിയും കൂടുമെന്നും അധികൃതർ പറഞ്ഞു. പച്ചക്കറി വണ്ടികളിലും മത്സ്യ വണ്ടികളിലുമാണ് ഈ മദ്യങ്ങൾ അതിർത്തി കടന്നെത്തുന്നത്. എന്നാൽ അതിർത്തി കടന്ന് കേരളത്തിലെത്തുന്ന മദ്യത്തിന് ലിറ്ററിന് ചുരുങ്ങിയത് 1000 രൂപയാണ് അധികമായി ഈടാക്കുന്നത്. കർണാടക മദ്യത്തിന് പുറമെ ജില്ലയിൽ മലയോരങ്ങൾ കേന്ദ്രീകരിച്ചുള്ള വാറ്റുകളും സജീവം. ആലക്കോട്, ശ്രീകണ്ഠപുരം, കൂത്തുപറമ്പ് എന്നിവിടങ്ങളിലാണ് വാറ്റ് കേന്ദ്രങ്ങൾ കൂടുതലായും പ്രവർത്തിക്കുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ചാരായവും വാഷും എക്സൈസ് സംഘം വ്യാപകമായി പിടികൂടിയിട്ടുണ്ട്. ഇവയ്ക്ക് പുറമെ ഇതര സംസ്ഥാന തൊഴിലാളികൾക്കിയിൽ കഞ്ചാവിന്റെയും മറ്റ് ലഹരി ഉത്പ്പന്നങ്ങളുടെ ഉപയോഗവും വിൽപ്പനയും വർദ്ധിച്ചിട്ടുണ്ട്. ഇവരുടെ ലേബർ ക്യാമ്പുകളിലുൾപ്പെടെ പരിശോധന കർശനമാക്കാനാണ് എക്സൈസിന്റെ നടപടി. ഒാണത്തോടനുബന്ധിച്ച് അനധികൃത മദ്യ -ലഹരി വില്പനയ്ക്കെതിരെ കർശന പരിശോധ നടത്തും.
പരാതികളും ഒഴുകുന്നു
പൊതുജനങ്ങൾക്ക് ഉൾപ്പെടെ മദ്യ കടത്തുമായി ബന്ധപ്പെട്ട പരാതി അറിയിക്കാൻ ജില്ലയിൽ എക്സൈസ് 24 മണിക്കൂർ കൺട്രോൾ റൂം ആരംഭിച്ചതോടെ നിരവധി പേർ പരാതികൾ അറിയിക്കുന്നുണ്ട്. മൂന്ന് പരാതികൾ ചാരായം കടത്തുന്നതുമായി ബന്ധപ്പെട്ടവയാണ്. കഴിഞ്ഞ വർഷങ്ങളിൽ ഒാണത്തോടനുബന്ധിച്ച് വലിയ കടത്ത് നടന്നിട്ടുണ്ട്. ആഗസ്റ്റ് 25 വരെയാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്
ഒാണത്തോടനുബന്ധിച്ച് വ്യാപകമായ മദ്യ കടത്ത് ജില്ലയിലേക്കുണ്ടാകും. ഇത് തടയാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. നിരവധി പരാതികൾ ലഭിച്ചുവരുന്നു.
ജില്ലാ എക്സൈസ് കൺട്രോൾ റൂം