ചെറുവത്തൂർ: കഴിഞ്ഞ ജൂൺ 9 ന് അർദ്ധരാത്രി ആരംഭിച്ച ട്രോളിംഗ് നിരോധനത്തിന് 31ന് അർദ്ധരാത്രിയോടെ സമാപനമാകും. ചെറുതും വലുതുമായ എല്ലാവിധ മത്സ്യ ബന്ധന ബോട്ടുകളും ഇനിയുള്ള നാളുകളിൽ മത്സ്യബന്ധനത്തിനായി കടലിലിറങ്ങും. മൺസൂൺ കാലങ്ങളിൽ നടപ്പിലാക്കി വരുന്ന നിരോധനമാണ് 52 ദിവസങ്ങൾക്ക് ശേഷം സമാപിച്ചത്. ആഗസ്റ്റ് ഒന്നോടെ തീരങ്ങൾ വീണ്ടുമുണരും.

എന്നാൽ ലോക് ഡൗൺ കാരണം ഒന്നാം തീയതി തുറമുഖങ്ങൾ അടഞ്ഞുകിടക്കുന്നതിനാൽ രണ്ടാം തീയതി മുതൽ മാത്രമേ കൂടുതൽ ബോട്ടുകൾ കടലിൽ പോകാൻ ഇടയുള്ളൂ. ജില്ലയിൽ 168 യന്ത്രവൽകൃത ബോട്ടുകളാണ് ഫിഷറീസ് വകുപ്പിൽ റജിസ്റ്റർ ചെയ്തിട്ടുള്ളത്. പരമ്പരാഗത യാനങ്ങൾ വേറെയുമുണ്ട്. കാലവർഷക്കാലത്ത് തീരത്തോട് ചേർന്നാണ് ചാകര പ്രത്യക്ഷപ്പെടുക. എന്നാൽ പരമ്പരാഗത യാനങ്ങൾക്ക് മാത്രമേ ഈ ഭാഗങ്ങളിൽ ചട്ടപ്രകാരം മത്സ്യബന്ധനത്തിൽ ഏർപ്പെടാൻ പറ്റുള്ളൂ. എന്നാൽ ഇത് പലപ്പോഴും ലംഘിക്കപ്പെടുകയും തൊഴിലാളികൾ തമ്മിൽ കടലിൽ സംഘർഷം ഉടലെടുക്കുകയും പതിവാണ്. മടക്കര കാവുംചിറ മത്സ്യ ബന്ധന തുറമുഖം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബോട്ടുകളൊക്കെ വലകളും മറ്റും ഒരുക്കിക്കൊണ്ട് നിൽക്കുകയാണ്. അന്യസംസ്ഥാനങ്ങളിൽ നിന്നടക്കമുള്ളവരാണ് ഈ ബോട്ടുകളിലെ തൊഴിലാളികൾ.

കടലിലെ സംഘർഷങ്ങൾ ഒഴിവാക്കാൻ മത്സ്യ ബന്ധന - വിപണനമേഖലകളിലെ എല്ലാ വിഭാഗം തൊഴിലാളി പ്രതിനിധികളെയും സംഘടിപ്പിച്ച് ഫിഷറീസ് അധികൃതർ മുൻകൂട്ടി യോഗങ്ങൾ വിളിച്ചു ചേർക്കാറുണ്ട്. കഴിഞ്ഞ തവണ കളക്ടറുടെ ചേംബറിലായിരുന്നു യോഗം നടന്നത്. ഇത്തവണ അതുണ്ടായിട്ടില്ല. തൊഴിലാളികൾക്കിടയിൽ ആശങ്കയുണ്ട്.

രംജിത്ത് മടക്കര, ആൾ കേരള ഫിഷ് മർച്ചന്റ്സ് അസോ. ചെറുവത്തൂർ മേഖല പ്രസിഡന്റ്