തലശ്ശേരി: ഗതാഗതക്കുരുക്ക് ദശകങ്ങളായി വീർപ്പ് മുട്ടിക്കുന്ന നഗരത്തിൽ സമഗ്ര ട്രാഫിക്ക് പരിഷ്‌ക്കരണത്തിനൊരുങ്ങി ട്രാഫിക്ക് റഗുലേറ്ററി കമ്മിറ്റി. ശാസ്ത്രീയമായ പരിഷ്‌ക്കാരങ്ങൾ നടപ്പാക്കാൻ നഗരസഭാ ഓഫീസിൽ ചേർന്ന കമ്മിറ്റി യോഗം തീരുമാനിച്ചു. പാർക്കിംഗിന് നഗരസഭയുടെ അനുയോജ്യമായ സ്ഥലം ഉപയോഗപ്പെടുത്തുന്നതോടൊപ്പം ,സ്വകാര്യ പാർക്കിംഗ് കേന്ദ്രങ്ങളും കണ്ടെത്തും. ഇതിനായി സന്നദ്ധരായ ആളുകളുടെ യോഗം വിളിച്ചു ചേർക്കും.
അനധികൃത പാർക്കിംഗിനെതിരെ കർശന നടപടി സ്വീകരിക്കും. പട്ടണത്തിലെ ബസ് സ്റ്റോപ്പ് ഇല്ലാത്ത അംഗീകൃതമല്ലാത്ത സ്ഥലങ്ങളിൽ നിന്ന് ആളുകളെകയറ്റുകയും ഇറക്കുകയും ചെയ്യുന്ന ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കും. മെയിൻ റോഡിലെ ലോഡിംഗ് /അൺലോഡിംഗ് സമയം വെച്ച് നിയന്ത്രിക്കും. ഇതിനായി മെയിൻ റോഡിലെ വ്യാപാരികളുടെയും ,ചുമട്ടുതൊഴിലാളികളുടേയും യോഗം വിളിച്ച് ചേർക്കും. ആഘോഷവേളകളിൽ തിരക്കുള്ള സമയങ്ങളിൽ പട്ടണത്തിലെ സ്‌കൂൾ ഗ്രൗണ്ട് പാർക്കിംഗിനായി ഉപയോഗപ്പെടുത്തും. കൂടാതെ തിരക്കുള്ള പ്രധാന കേന്ദ്രങ്ങളിൽ വ്യാപാര സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ വളണ്ടിയർമാരെ നിയോഗിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കും.
യോഗത്തിൽ വൈസ് ചെയർമാൻ വാഴയിൽ ശശി, സെക്രട്ടറി ആർ. പ്രദീപ് കുമാർ, നഗരസഭ എക്സിക്യൂട്ടീവ് എൻജിനിയർ ജസ്വന്ത്, പൊലീസ് ഇൻസെപ്ക്ടർ സനൽ കുമാർ, തുടങ്ങിയവർ സംബന്ധിച്ചു.