photo
പാർക്കിംഗ് ഏരിയ ചെളിക്കുളമായ നിലയിൽ

പഴയങ്ങാടി: ഗതാഗത പരിഷ്കാരത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷം മുതൽ ഏഴോം പഞ്ചായത്ത് സ്വകാര്യ പേ പാർക്കിംഗ് സൗകര്യം ഒരുക്കിയ ഇടം മഴ വന്നതോടെ ചെളിക്കുളമായി മാറി. വാഹനം പാർക്ക് ചെയ്ത് കഴിഞ്ഞാൽ ചെളിയിൽ ചവിട്ടാതെ വാഹനത്തിൽ നിന്ന് പുറത്ത് ഇറങ്ങാൻ കഴിയില്ല. സ്വകാര്യ വ്യക്തിയുടെ ഒരു ഏക്കറോളം വരുന്ന സ്ഥലമാണ് പേ പാർക്കിംഗിനായി ഏഴോം പഞ്ചായത്ത് നിശ്ചയിച്ചത്. എന്നാൽ പാർക്കിംഗിനുള്ള സൗകര്യം ഒന്നും തന്നെ ഇവിടെ ഒരുക്കിയിട്ടില്ല.

ഭൂമി താഴ്ന്ന് കിടക്കുന്നതിനാൽ മഴ പെയ്താൽ വെള്ളക്കെട്ട് രൂപപ്പെടും. അമിത തുക പാർക്കിംഗിനായി ഈടാക്കുന്നതായും ആക്ഷേപം ഉണ്ട്. സ്വകാര്യ വ്യക്തി പണം ഈടാക്കുന്നുണ്ടങ്കിലും പഞ്ചായത്തിന് ഈ തുകയിൽ നിന്ന് ഒന്നും തന്നെ നൽകുന്നില്ല. പഴയങ്ങാടി പൊലീസ് അനധികൃത പാർക്കിംഗിന് എതിരെ പരിശോധന കർശനമാക്കിയതോടെ വാഹന ഉടമകൾ പേ പാർക്കിംഗ് സൗകര്യം ഉപയോഗപ്പെടുത്തുവാൻ കൂടുതൽ നിർബന്ധിതരായി. പഞ്ചായത്ത് ഇടപെട്ട് പാർക്കിംഗ് സൗകര്യം മെച്ചപ്പെടുത്തണമെന്ന ആവശ്യമാണ് ഉയരുന്നത്.