പട്ടുവം: തളിപ്പറമ്പ് -പട്ടുവം റോഡരികിൽ പ്രവർത്തിക്കുന്ന പുളിമ്പറമ്പ് കള്ളുഷാപ്പ് നാട്ടുകാർ അടപ്പിച്ചു. കൊവിഡ് നിരക്ക് കൂടിക്കൊണ്ടിരിക്കുന്ന പുളിമ്പറമ്പിൽ വ്യാപാര സ്ഥാപനങ്ങൾ എല്ലാം അടച്ചിട്ടിരിക്കുകയാണ്. ഈ വാർഡിന്റെ റോഡിനെതിർവശത്ത് പ്രവർത്തിക്കുന്ന കള്ളുഷാപ്പ് പുളിമ്പറമ്പ് വാർഡ് അല്ലെന്ന കാരണത്താൽ തുറന്ന് പ്രവർത്തിക്കുകയായിരുന്നു.
പാല മുത്തപ്പൻ ക്ഷേത്രത്തിനടുത്ത് പ്രവർത്തിക്കുന്ന കള്ളുഷാപ്പ് തുറന്ന് പ്രവർത്തിക്കുന്നതിൽ പ്രതിഷേധിച്ചാണ് നാട്ടുകാരുടെ ഇടപെടൽ. ഷാപ്പുടമ നാറാത്ത് സ്വദേശിയോട് തലേദിവസം തന്നെ വാർഡ് കൗൺസിലറും പൊലീസും അടച്ചിടാൻ അറിയിപ്പ് കൊടുത്തതാണ്. എന്നാൽ, കള്ള് പാർസൽ ആവാം എന്ന തീരുമാനത്തിൽ ഷാപ്പുടമ വില്പന തുടങ്ങിയെന്ന് നാട്ടുകാർ ആരോപിച്ചു. പലരെയും അകത്തുകയറ്റി ഇരുത്തിയതായും പറയുന്നു. തളിപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി. പുളിമ്പറമ്പിലെ ഒരു യുവാവിനെ കൊവിഡ് ബാധിച്ച് ഗുരുതരനിലയിൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.