തലശ്ശേരി: 12.5 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേരെ തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. സുൽത്താൻ ബത്തേരി സ്വദേശി അനസ്, മലപ്പുറം സ്വദേശി നൗഫൽ എന്നിവരാണ് പിടിയിലായത്. ആന്ധ്രയിൽ നിന്ന് തലശ്ശേരിയിലെത്തിച്ച് വയനാട് സ്വദേശിക്ക് കഞ്ചാവ് കൈമാറാനിരിക്കെയാണ് പ്രതികൾ വലയിലായത്. ആന്ധ്രയിലെ വിജയവാഡയിൽ നിന്നും 6,500 രൂപ വച്ച് 17,000 രൂപയ്ക്കാണ് ഇരുവരും കഞ്ചാവ് വാങ്ങിയത്. നാലും, അഞ്ചും ഇരട്ടി ലാഭത്തിനാണ് കഞ്ചാവ് മാഫിയ ഇത് മറിച്ചുവിൽക്കുക. വൈകീട്ട് മൂന്നരയോടെ നടത്തിയ സർക്കിൾ ഇൻസ്‌പെക്ടർ സനൽകുമാർ നടത്തിയ പട്രോളിംഗിനിടെ പുതിയ ബസ് സ്റ്റാൻഡ് പച്ചക്കറി മാർക്കറ്റിന് സമീപം വച്ചാണ് രണ്ട് പേരും പിടിയിലായത്. എ.എസ്.ഐമാരായ രാജീവൻ, സഹദേവൻ, സി.പി.ഒമാരായ ശ്രീജേഷ്, സുജേഷ്, നജിമുദ്ദീൻ, സരുൺ, സുമിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.